കാനത്തൂരിൽ കമുകിൻതൈകൾ നശിപ്പിച്ച് കാട്ടുപോത്തിൻകൂട്ടം
1415682
Thursday, April 11, 2024 1:55 AM IST
കാനത്തൂർ: കാട്ടാനശല്യം ഒട്ടൊന്ന് അടങ്ങിയപ്പോഴേക്കും കാനത്തൂരിൽ കാട്ടുപോത്തുകൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. നീരവളപ്പിലെ സി. മണികണ്ഠന്റെ മൂന്നുവർഷം പ്രായമായ നൂറിലേറെ കമുകിൻ തൈകളാണ് കഴിഞ്ഞദിവസം കാട്ടുപോത്തിൻകൂട്ടം നശിപ്പിച്ചത്.
തോട്ടത്തിനു ചുറ്റും പച്ചവല കൊണ്ട് വേലി കെട്ടിയിരുന്നെങ്കിലും അത് മറികടന്നാണ് പുലർച്ചെ കാട്ടുപോത്തുകളെത്തിയത്. ഒമ്പതെണ്ണമാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് മണികണ്ഠനും അയൽവാസികളുമെത്തി ഇവയെ തുരത്തുമ്പോഴേക്കും നൂറിലേറെ കമുകിൻതൈകളുടെ ഓലയും തിരിയും തിന്നുതീർത്തിരുന്നു.
വനാതിർത്തിയിലെ വൈദ്യുതവേലി കാട്ടാനകളുടെ ഉയരം കണക്കാക്കി നിർമിച്ചതായതിനാൽ കാട്ടുപോത്തുകൾക്ക് അതിന്റെ അടിയിലൂടെ കടന്നുവരാൻ എളുപ്പമാണ്. ഇപ്പോൾ പകൽസമയത്തുപോലും കയറിവന്ന് കൃഷി നശിപ്പിക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠന്റെ കമുകിൻതോട്ടത്തിൽ തന്നെ കഴിഞ്ഞവർഷം ആനക്കൂട്ടവും കൃഷി നശിപ്പിച്ചിരുന്നു.