വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു
1415346
Tuesday, April 9, 2024 7:37 AM IST
കുമ്പള: വീട്ടുകാര്‍ വീട് പൂട്ടി പള്ളിയിലെ പ്രാര്‍ത്ഥന സംഗമത്തിന് പോയ സമയത്ത് കപ്പല്‍ ജീവനക്കാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചു പവന് സ്വര്‍ണാഭരണങ്ങളും 9,000 രൂപയും കവര്‍ന്നു. ആരിക്കാടി കുന്നിലെ അബൂബക്കര്‍ സിദ്ദിഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ശനിയാഴ്ച രാത്രി സമീപത്തെ പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുക്കുന്നതിന് സിദ്ദിഖിന്റെ ഭാര്യയും മകളും 12 ഓടെ പോയിരുന്നു. പുലര്‍ച്ചെ നാലിനു തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്.
അകത്ത് കയറി കൂടുതലായി പരിശോധിച്ചപ്പോള്‍ താഴത്തെ നിലയിലെ അലമാരയും രണ്ടാം നിലയിലെ അലമാരയും തുറന്ന നിലയില്‍ കാണുകയായിരുന്നു. താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീടിന് അകത്ത് നിന്ന് ഒമ്പത് വിരലടയാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും കൃത്യമായി തെളിഞ്ഞിട്ടില്ല. കവര്‍ച്ചാ സംഘം തുണിയുടെ കൈയുറ ഉപയോഗിച്ചാണ് അലമാരകളും മറ്റും തുറന്നതെന്നാണ് സംശയിക്കുന്നത്.