കൊടുംചൂടിൽ പശുക്കളുടെ പാലുത്പാദനം കുറയുന്നു
1396262
Thursday, February 29, 2024 2:46 AM IST
കാസർഗോഡ്: പലവിധത്തിലുള്ള നഷ്ടക്കണക്കുകൾ പെരുകുന്നതിനിടെ കൊടുംചൂടിൽ പശുക്കളുടെ പാലുത്പാദനവും കുറഞ്ഞതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനൽക്കാലത്തിന്റെ തുടക്കത്തിൽതന്നെ ചൂട് ക്രമാതീതമായതോടെ പാലുത്പാദനം 10 മുതൽ 25 ശതമാനം വരെ കുറഞ്ഞതായി ക്ഷീരകർഷകർ പറയുന്നു.
ജില്ലയിലെ ക്ഷീരസംഘങ്ങളിൽ പ്രതിദിനം എത്തുന്ന പാലിന്റെ അളവിലും ഈ കുറവ് പ്രകടമായിത്തുടങ്ങി. സാധാരണനിലയിൽ കൂടുതൽ പാലുത്പാദനശേഷിയുള്ള വിദേശ ഇനങ്ങളെയാണ് ചൂട് കൂടുതൽ ബാധിക്കുന്നത്. ചൂടു മൂലം പകൽസമയത്ത് പശുക്കളെ പുറത്ത് മേയാൻ വിടാൻപോലും കഴിയാതായി.
തൊഴുത്തിൽ ഫാൻ വച്ചാൽ വൈദ്യുതിച്ചെലവും താങ്ങേണ്ട നിലയാകും. ചെറുകിട കർഷകർക്ക് അതിനുപോലും കഴിയാത്ത നിലയാണ്.
കുളമ്പുരോഗവും ചർമമുഴയും മൂലം ക്ഷീരമേഖല നേരത്തേതന്നെ പ്രതിസന്ധികളെ നേരിടുമ്പോഴാണ് വേനലും തിരിച്ചടിയാകുന്നത്. ഇടയ്ക്ക് ഒരു വേനൽമഴയെങ്കിലും കിട്ടിയില്ലെങ്കിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക.