കാസര്‍ഗോട്ട് വന്‍ കഞ്ചാവ് വേട്ട; 107 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
1395956
Tuesday, February 27, 2024 7:51 AM IST
കാസര്‍ഗോഡ്: ആന്ധ്രയില്‍നിന്ന് പിക്കപ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107.18 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെയാണ് കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ അധികചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജനും സംഘവും പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള പെര്‍ള ചെക്ക്പോസ്റ്റിന് സമീപത്തായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കെഎല്‍ 14 എസി 0211 നമ്പര്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പിന്റെ സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗത്തിന് പുറകുഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് 23 സെന്റിമീറ്റര്‍ വീതിയില്‍ ഒരു രഹസ്യ അറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെക്സിന് ഷീറ്റ് ഉപയോഗിച്ച് ഇതു നന്നായി കവര്‍ ചെയ്തതിനാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയവും തോന്നില്ല. ഇതിനുതാഴെയായി ഒരു ലോഹത്തകിട് കൊണ്ട് സ്ക്രൂ ചെയ്തുവച്ച നിലയിലായിരുന്നു രഹസ്യ അറ. രണ്ടുകിലോഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ ഷഹീര്‍ റഹീം കൊലക്കേസ് പ്രതിയാണ്.
2017 കുമ്പള ബദരിയ നഗര്‍ മാളിയങ്കരയില്‍ അബ്ദുള്‍ സലാമിനെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഡ്രൈവര്‍മാരായ ഇരുപ്രതികളും സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണെന്നാണ് സൂചന. പിടികൂടിയ കഞ്ചാവ് 25 ലക്ഷം രൂപ വിലമതിക്കുന്നതാണെന്നും കഞ്ചാവ് കടത്തിനു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ. ജയരാജ് പറഞ്ഞു.
ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. 20 കിലോഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് പിടികൂടിയാല്‍ 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒന്നുമുതല്‍ രണ്ടുലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എക്സൈസ് സംഘത്തില്‍ ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജയിംസ് ഏബ്രഹാം കുറിയോ, കെ.വി. മുരളി, പ്രിവന്റീവ് ഓഫീസര്‍ സജ് അപ്യാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, കെ.ആര്. പ്രജിത്ത്, വി.വി. ഷിജിത്, മഞ്ജുനാഥന്, സതീശന്, സോനു സെബാസ്റ്റ്യന്‍, മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ പി.എ. ക്രിസ്റ്റീന്‍ എന്നിവരും ഉണ്ടായിരുന്നു.