എഐയും ത്രീഡി ആനിമേഷനുമായി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ്
1395670
Monday, February 26, 2024 1:39 AM IST
കാസര്‍ഗോഡ്: നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ത്രീഡി അനിമേഷന്‍ പ്രവര്‍ത്തനങ്ങളുമായി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ നടന്നു.
78 കുട്ടികളാണ് പങ്കെടുത്ത്. ജില്ലയിലെ 120 യൂണിറ്റുകളില്‍ നിന്നായി 3488 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളാണുള്ളത്. സ്കൂള്‍ തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 860 കുട്ടികള്‍ ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.
ഉപജില്ലാക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തത്. വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് ആനിമേഷന്‍ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ത്രീഡി ക്യാരക്ടര്‍, മോഡലിംഗ്, മുതലായവ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. കൂടാതെ ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള അനിമേഷന്‍, മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ആര്‍ഡിനോ കിറ്റിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാര്‍ട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സിസി ടിവി ക്യാമറ, ആര്‍ജിബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവര്‍ത്തനം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൂരെ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഐഒടി ഡിവൈസ് തുടങ്ങിയവയും പരിശീലിപ്പിച്ചു. ജില്ലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.