ചാലിങ്കാൽ-ചിത്താരി റോഡ് പ്രവൃത്തി 23നു പുനരാരംഭിക്കാൻ ധാരണ
1393992
Monday, February 19, 2024 5:45 AM IST
കാഞ്ഞങ്ങാട്: ജലജീവൻ മിഷൻ പ്രവൃത്തികളുടെ മെല്ലെപ്പോക്ക് മൂലം താറുമാറായിക്കിടക്കുന്ന ചാലിങ്കാൽ-ചിത്താരി ജില്ലാ പഞ്ചായത്ത് റോഡിന്റെ പ്രവൃത്തികൾ 23 മുതൽ പുനരാരംഭിക്കാൻ ധാരണ. ദേശീയപാതയേയും കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയേയും ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇളക്കിമറിച്ചിട്ടത് ദേശീയപാതാ പ്രവൃത്തികൾക്കിടയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു.
കാര്യമായ തകരാറുകളൊന്നുമില്ലാതിരുന്ന റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനു വേണ്ടിയാണ് ആറുമാസം മുമ്പ് വെട്ടിപ്പൊളിച്ചത്. ചാലിങ്കാലിൽ നിന്നു തുടങ്ങി രണ്ടു കിലോമീറ്റർ ദൂരം മെക്കാഡം ടാറിംഗ് നടത്തുന്നതിനായി മൂന്നരക്കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയത്.
റോഡ് വെട്ടിപ്പൊളിച്ചതിന് പിന്നാലെ ഇവിടെ ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ഇത് പ്രതീക്ഷിച്ചതിലും കൂടുതൽ ഇഴഞ്ഞുനീങ്ങിയതോടെ റോഡ് പ്രവൃത്തികൾ നിലയ്ക്കുകയായിരുന്നു.ഇളക്കിമറിച്ചിട്ട മെറ്റൽ കഷണങ്ങൾക്കും പൊടിമണ്ണിനും മുകളിലൂടെയാണ് ഇപ്പോൾ ബസ് സർവീസുകളുൾപ്പെടെ നടക്കുന്നത്. ഡ്രൈവർമാരും യാത്രക്കാരുമെല്ലാം നിത്യേന പൊടിയിൽ കുളിക്കുന്ന അവസ്ഥയായി. ഇതോടെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിനായി അജാനൂർ പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. ആവശ്യത്തിനുള്ള പൈപ്പുകൾ കൃത്യസമയത്ത് ലഭിക്കാതിരുന്നതിനാലാണ് പണി വൈകിയതെന്നാണ് ജല അഥോറിറ്റിയുടെ വിശദീകരണം.
ഇപ്പോൾ പൈപ്പുകളെല്ലാം സ്ഥലത്തെത്തിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഏതാണ്ട് പൂർത്തിയായി. ഏതാനും സ്ഥലങ്ങളിൽ റോഡിനു കുറുകേ പൈപ്പ് ഇടാൻ മാത്രമാണ് ബാക്കിയുള്ളത്. ഈ പ്രവൃത്തി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജല അഥോറിറ്റി അധികൃതർ യോഗത്തിൽ ഉറപ്പുനല്കി. ഇതോടെയാണ് 23 ന് റോഡ് പ്രവൃത്തി പുനരാരംഭിക്കാൻ ധാരണയായത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, ജില്ലാ പഞ്ചായത്ത് എക്സി. എൻജിനീയർ മനോജ് കുമാർ, അസി.എക്സി. എൻജിനീയർ അനുപ്രിയ, അസി. എൻജിനീയർ സി.ടി. സിജിന,ജല അഥോറിറ്റി അസി.എകസി. എൻജിനീയർ ഗിരീഷ്, അസി. എൻജിനീയർ സുനിൽ, കരാറുകാരൻ കെ.ജെ. വർക്കി എന്നിവർ പങ്കെടുത്തു.