പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും
1393802
Sunday, February 18, 2024 7:09 AM IST
കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയുടെ ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പേരാണ് മന്ദിരത്തിന് നൽകിയിരിക്കുന്നത്. പെരിയയിലെ കേന്ദ്ര സർവകലാശാലാ കാമ്പസിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ എന്നിവർ സംബന്ധിക്കുമെന്ന് വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി. ബൈജു പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് നിലകളിലായി 68,200 സ്ക്വയർ ഫീറ്റിൽ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി.ആർ. അംബേദ്കർ ഭവൻ നിർമിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി നഷ്ടപ്പെടുത്താതെയാണ് നിർമാണം. സർവകലാശാലയുടെ ഭാവി വികസനം കണക്കിലെടുത്തുള്ള സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈസ് ചാൻസലറുടെ കാര്യാലയം, കോൺഫറൻസ് ഹാൾ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസുകൾ എന്നിവയും അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ്, പരീക്ഷ, പർച്ചേസ് സെക്ഷനുകളും ഇനി പുതിയ മന്ദിരത്തിലായിരിക്കും പ്രവർത്തിക്കുക. വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മന്ദിരത്തിലുണ്ടാകും.
സംസ്ഥാനത്താദ്യമായി ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷന് പ്രോഗ്രാം (ഐടിഇപി) സർവകലാശാലയിൽ ആരംഭിച്ചതായും കൂടുതൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണെന്നും പ്രഫ. ബൈജു അറിയിച്ചു. 35 കോടി രൂപ ചെലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പുതിയ ഹോസ്റ്റലിന്റെ നിർമാണം നടന്നുവരികയാണ്. നിലവിൽ എട്ട് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്.
19 കോടി രൂപ ചെലവഴിച്ചുള്ള ലൈബ്രറി കെട്ടിടത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഹെൽത്ത് സെന്റർ, ഗസ്റ്റ് ഹൗസ്, ഫാക്കൽട്ടി ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾക്കായുള്ള കോമൺ ഡൈനിംഗ് ഹാൾ എന്നിവ അടുത്തിടെ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ, അക്കാഡമിക് ഡീൻ പ്രഫ. അമൃത് ജി. കുമാർ, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി ചെയർമാൻ പ്രഫ. ടി.ജി. സജി, പബ്ലിക് റിലേഷൻസ് ഓഫീസർ കെ. സുജിത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.