വേദികളില്‍ ഓടിനടന്ന് ശില്പ
1376990
Saturday, December 9, 2023 2:13 AM IST
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശില്പ വര്‍ഗീസ് അരങ്ങിലെത്തുമ്പോള്‍ ഒപ്പമുള്ള കൂട്ടുകാരികളെല്ലാം സംഘഗാന മത്സരത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഭരതനാട്യം കഴിഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് സംഘഗാനത്തിനുള്ള യൂണിഫോം ധരിച്ച് തൊട്ടടുത്ത നിമിഷം തന്നെ ശില്പയും അവര്‍ക്കൊപ്പം ചേര്‍ന്നു. ഭരതനാട്യത്തിന് മൂന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചെന്ന ഫലം അപ്പോഴേക്കും വന്നു. കഴിഞ്ഞദിവസം ഇംഗ്ലീഷ് പദ്യംചൊല്ലലിലും എ ഗ്രേഡുണ്ടായിരുന്നു.
ഇനി ഇന്ന് സംഘനൃത്തത്തിനുള്ള ടീമിലും ശില്പയുണ്ട്. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ അച്ഛന് വര്‍ഗീസ് ചാക്കോയ്ക്കും അമ്മ ആന്സിക്കുമൊപ്പം മൂന്നു ദിവസമായി കാടകത്ത് വീടെടുത്തു താമസിക്കുകയാണ് ശില്പ. ജില്ലയുടെ അങ്ങേയറ്റത്തുള്ള കമ്പല്ലൂരില്നിന്ന് ഇങ്ങേയറ്റത്തുള്ള കാടകത്തേക്ക് എല്ലാദിവസവും പോയിവരാന്‍ കഴിയാത്തതുകൊണ്ടണിത്. കമ്പല്ലൂരിലെ കുടിയേറ്റ കര്‍ഷക കുടുംബാംഗമായ ശില്പയ്ക്ക് ഈ തിരക്കൊന്നും പുതുമയല്ല.
സ്കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിനൊപ്പം നൃത്തപഠനത്തിനും സംഗീതപഠനത്തിനും കൃഷിയിടത്തിലെ ജോലികള്‍ക്കുമെല്ലാം ഒരുപോലെ സമയം കണ്ടെത്താന്‍ ശില്പയ്ക്ക് കഴിയാറുണ്ട്. വര്‍ഗീസിന്റെ പിതാവ് പറപ്പള്ളി മലയില്‍ ചാക്കോയുടെ നൂറാം പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്. ശില്പയുടെ ഏക സഹോദരി ഷാരണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാർഥിയാണ്.