യൂത്ത് കോൺഗ്രസ് ഡിഎംഒയെ ഉപരോധിച്ചു
1376745
Friday, December 8, 2023 2:20 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ഫാർമസിയിലും കാരുണ്യ ഫാർമസിയിലും അവശ്യ മരുന്നുകൾ പോലും കിട്ടാനില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി ജില്ലാ ആശുപത്രിയിൽ മരുന്നുകളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും ചികിത്സയ്ക്കെത്തുന്ന പകുതിയിലധികം പേരെയും മരുന്നില്ലാതെ മടക്കിയയ്ക്കുകയാണെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ പറഞ്ഞു.
ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച രോഗികൾ പോലും മരുന്നുകളില്ലാതെ ബുദ്ധിമുട്ടുകയാണ്. പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി അക്ഷയ എസ്. ബാലൻ, നിയോജക മണ്ഡലം ഭാരവാഹികളായ ശരത്ത് മരക്കാപ്പ്, സിജോ അമ്പാട്ട്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എച്ച്.ആർ. വിനീത്, കൃഷ്ണലാൽ തോയമ്മൽ, സനോജ് കുശാൽനഗർ, പ്രതീഷ് കല്ലഞ്ചിറ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പിന്നീട് പോലീസ് പിടിച്ചുനീക്കി.