ജാര്‍ഖണ്ഡില്‍ നിന്നൊരു കഥാകാരി
1376452
Thursday, December 7, 2023 2:09 AM IST
യുപി വിഭാഗം ഹിന്ദി കഥാരചനയില്‍ ഒന്നാംസ്ഥാനം നേടി ജാര്‍ഖണ്ഡ് സ്വദേശിനി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി റിയ തിര്ക്കെയുടെ എന്റെ അമ്മയുടെ കണ്ണുനീര് എന്ന കഥയാണ് സമ്മാനാര്‍ഹമായത്.
എട്ടുവര്‍ഷം മുമ്പാണ് പ്രസില്ലയുടെ അച്ഛനമ്മമാര്‍ ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നും തൊഴില്‍ തേടി കാഞ്ഞങ്ങാടെത്തുന്നത്. മേലാങ്കോട്ടെ സാധന പൈയുടെ കുടുംബത്തില്‍ കൃഷിപ്പണിയും വീട്ടുജോലിയുമായി അച്ഛന് ബെനഡിക്ട് ടിര്ക്കെയും അമ്മ ഗുല്മേയും ജീവിതമാരംഭിച്ചു. സാധന മുന്‍കൈയെടുത്താണ് റിയയെയും ചേച്ചി പ്രസില്ലയെയും ബന്ധുവായ ഖുശ്ബുവിനെയും സ്കൂളില്‍ ചേര്‍ത്തത്. തുടക്കത്തില്‍ പരിചയമില്ലാത്ത ഭാഷയിലുള്ള പഠനം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീടവര്‍ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കരായി. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ റിയയുടെ ചേച്ചി പ്രസില്ല കായികതാരമാണ്. 2022ലെ റവന്യു ജില്ലാ കായികമേളയില്‍ ലോംഗ് ജംപില്‍ വെള്ളിയും ഈവര്‍ഷം വെങ്കലവും കരസ്ഥമാക്കി. മാതാപിതാക്കള്‍ക്ക് മലയാളം അറിയില്ലെങ്കിലും കുട്ടികള്‍ പച്ചവെള്ളം പോലെ മലയാളം പറയും. മൂന്നു കുട്ടികളും ഇപ്പോള്‍ കളരിയും പഠിക്കുന്നുണ്ട്.