പോലീസ് പിന്തുടരവെ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവം: എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്
1376235
Wednesday, December 6, 2023 8:09 AM IST
കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസിനെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു. കുമ്പള പേരാല്‍ കണ്ണൂര്‍ കുന്നില്‍ ഹൗസിലെ പരേതനായ അബ്ദുല്ല-സഫിയ ദന്പതികളുടെ മകനും അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫര്‍ഹാസ് (17) മരിച്ച സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ എസ്.ആര്. രജിത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് നരഹത്യയ്ക്ക് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി (രണ്ട്) കേസെടുത്തത്.
വിദ്യാര്‍ഥിയുടെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. സഫിയയുടെ മൊഴി കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സഫിയ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫര്‍ഹാസും സുഹൃത്തുക്കളും കാറില്‍ സ്കൂളില്‍ എത്തിയിരുന്നു. ഇതിനിടെ ഖത്തീബ് നഗര്‍ എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കാര്‍ ഓടിച്ചു പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ പോലീസുകാര്‍ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോള്‍ കുട്ടികള്‍ പേടിച്ചാണ് കാര്‍ ഓടിച്ചുപോയതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. പോലീസ് വാഹനം പിന്തുടര്ന്നതിനെ തുടര്‍ന്ന് കളത്തൂര്‍ പള്ളത്ത് വെച്ചാണ് ഫര്‍ഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 29നാണ് ഫര്‍ഹാസ് മരണത്തിന് കീഴടങ്ങിയത്.
ഫര്‍ഹാസിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍, പോലീസിന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. പോലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്ള കാര്യവും തെളിവായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഥമദൃഷ്ട്യ കേസുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി കേസ് ഇനി 2024 ജനുവരി ആറിന് പരിഗണിക്കും