സസ്യപോഷകങ്ങളുടെ സന്തുലിത മിശ്രിതമായി ചുള്ളിഫെർട്ട്-അർക്കാ സസ്യപോഷക റാസ്
1374436
Wednesday, November 29, 2023 7:32 AM IST
വെള്ളരിക്കുണ്ട്: കാർഷികമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ സംസ്ഥാനത്തും അവതരിപ്പിച്ച് ബളാൽ ചുള്ളിയിലെ യുവകർഷകൻ പി.സി. ബിനോയ്.
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചി (ഐസിഎആർ) ന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചി (ഐഐഎച്ച്ആർ) ന്റെയും നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത സന്തുലിത സസ്യപോഷക ദ്രാവക മിശ്രിതമാണ് ചുള്ളിഫെർട്ട്-അർക്കാ സസ്യപോഷക റാസ് എന്ന പേരിൽ ബിനോയ് വിപണിയിലെത്തിച്ചിരിക്കുന്നത്.
സസ്യങ്ങൾക്ക് ആവശ്യമായ 18 പോഷകമൂലകങ്ങൾ കൃത്യമായ അളവിലും എളുപ്പം ആഗിരണം ചെയ്യാൻ കഴിയുന്ന രൂപത്തിലുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യയും ഫോർമുലയും ലൈസൻസും ഐസിഎആറിലും ഐഐഎച്ച്ആറിലും നിന്ന് കരസ്ഥമാക്കിയാണ് ബിനോയ് വിപണിയിലിറക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഈ സാങ്കേതിക വിദ്യ ലഭ്യമാകുന്നത്.
കള്ളാറിൽ നടന്ന നിസർഗ 2023 കിസാൻ മേളയിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് നൽകി ചുള്ളിഫെർട്ട്-അർക്കാ സസ്യ പോഷക റാസിന്റെ ആദ്യവിൽപ്പന നിർവഹിച്ചു.
ദ്രവരൂപത്തിൽ ലഭിക്കുന്ന ഈ മിശ്രിതം സസ്യങ്ങളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാം. മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക് കൃഷിക്കും ഇത് ഏറെ പ്രയോജനകരമാകും.