എസ്പിസി അറിവുത്സവം
1374032
Tuesday, November 28, 2023 1:14 AM IST
കാസര്‍ഗോഡ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി എസ്പിസി അറിവുത്സവം 2023 എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്കൂള്‍തല മത്സരങ്ങള്‍ക്ക് ശേഷം ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ നടക്കും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, ഇന്ത്യന്‍ ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, കല, കായികം, സിനിമ, പരിസ്ഥിതി, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം. എസ്പിസി പദ്ധതി നടപ്പിലാക്കിയിട്ടുള്ള സ്കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രാഥമിക എഴുത്ത് പരീക്ഷ നടത്തും.
ഇതില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 30 വിദ്യാര്‍ഥികളെ സ്കൂള്‍തല ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 10 ടീമുകളായിരിക്കും സകൂള്തല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക. സ്കൂള്‍ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ഉപഹാരം നല്‍കും.
ഡിസംബര്‍ അഞ്ചിനകം സ്കൂള്‍തല മത്സരം പൂര്‍ത്തിയാക്കും. സ്കൂള്‍തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമുകളെ പങ്കെടുപ്പിച്ച് ഡിസംബര്‍ അവസാനം ജില്ലാ മത്സരവും ജനുവരി മാസത്തില്‍ സംസ്ഥാനതല മത്സരവും നടക്കും.