ജനങ്ങളിലേക്കിറങ്ങി ജില്ലാ പോലീസ് മേധാവി
1374023
Tuesday, November 28, 2023 1:14 AM IST
പിലിക്കോട്: ചുമതലയേറ്റ് ഒരാഴ്ചക്കകം ആദ്യത്തെ പട്ടികജാതി കോളനി സന്ദർശനം നടത്തി ജില്ല പോലീസ് മേധാവി പി. ബിജോയ്. പിലിക്കോട് മടിവയൽ കോളനിയിലാണ് ജനങ്ങളിൽ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് പരാതി സ്വീകരിച്ചത്. വീട്, വഴി, റോഡ്, റേഷൻകാർഡ് തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. സ്വീകരിച്ച വിവിധ പരാതികൾ ജില്ല പോലീസ് മേധാവി പരിഹാരത്തിനായി അതത് ഓഫീസ് മേലധികാരികൾക്ക് നിർദേശങ്ങളോടെ കൈമാറി. പരിപാടി നടന്ന പിലിക്കോട് മടിവയൽ അംബേദ്കർ സ്മാരക കമ്യൂണിറ്റി ഹാളിലേക്ക് വഴിയില്ലെന്നതുൾപ്പെടെയാണ് പ്രദേശത്തുകാർ പരാതിയായി നൽകിയത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്തംഗം കെ. നവീൻ ബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് കൃഷ്ണൻ എളാട്ട്, ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, സതീഷ് കുമാർ ആലക്കാരൻ, നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ. പ്രേംസദൻ, ചന്തേര എസ്ഐമാരായ എം.വി. ശ്രീദാസൻ, സി. പ്രദീപ് കുമാർ, പട്ടികജാതി പ്രമോട്ടർ സി. അപർണ എന്നിവർ പ്രസംഗിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ. സതീഷ്, പിലിക്കോട് കൃഷി ഓഫീസർ എൻ. പ്രീതി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, റവന്യു, എക്സൈസ്, വനം, ആരോഗ്യം, പട്ടികജാതി, ജല അതോറിറ്റി, കെഎസ്ഇബി വകുപ്പുകളിലെ ജീവനക്കാരും പരാതി പരിഹാര അദാലത്തിൽ പങ്കെടുത്തു. എന്നാൽ അദാലത്ത് നടക്കുന്ന പിലിക്കോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരാരും പങ്കെടുക്കാത്തത് പോലീസ് മേധാവി എടുത്തു ചോദിച്ചു. വരും ആഴ്ചകളിൽ വിവിധ കോളനികളിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.