റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേരള ബാങ്ക് നീക്കം
1339413
Saturday, September 30, 2023 1:59 AM IST
ചിറ്റാരിക്കാല്‍: ജില്ലാ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ ഭീമനടി മാങ്ങോട്ടുള്ള ഗോഡൗണും അനുബന്ധ കെട്ടിടങ്ങളും അര ഏക്കര്‍ സ്ഥലവും കെട്ടിടവും ഏറ്റെടുക്കാന്‍ കേരള ബാങ്ക് നീക്കം തുടങ്ങി.
സൊസൈറ്റിയുടെ പേരില്‍ നേരത്തേ ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയും പലിശയും ചേര്‍ത്ത് നിലവില്‍ 8.37 കോടി രൂപയുടെ കടബാധ്യതയുണ്ട്. ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചതോടെ ഇതു തിരിച്ചുവാങ്ങാനുള്ള ഉത്തരവാദിത്വം കേരള ബാങ്കിന്റേതായി.
കാലങ്ങള്‍ കഴിഞ്ഞിട്ടും ഇത് തിരിച്ചടക്കാന്‍ സൊസൈറ്റിക്ക് സാധിക്കാതെ വന്നതോടെയാണ് സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് നല്‍കിയതായാണ് സൂചന.
53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജില്ലാ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസെറ്റി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലാണ്. സൊസൈറ്റിയില്‍ സ്വീകരിച്ച സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്.
ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുമുണ്ടെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകരുടെ സമരപരിപാടികളും നടന്നിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ തലപ്പത്തും മാറ്റമുണ്ടായി. സ്ഥാപനത്തിന്റെ ആസ്തി വിറ്റിട്ടായാലും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സൊസൈറ്റി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നെങ്കിലും അതും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
സ്വത്തുക്കള്‍ വിൽക്കുന്നതിന് സഹകരണ വകുപ്പില്‍ നിന്ന് അനുമതി കിട്ടാതിരുന്നതായിരുന്നു ആദ്യത്തെ പ്രശ്നം. അതു കഴിഞ്ഞപ്പോള്‍ സഹകരണ സ്ഥാപനങ്ങളുടെ ആസ്തി ഇടപാടുകളുമായി ബന്ധപ്പെട്ട കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ച് സ്വത്തുക്കള്‍ വാങ്ങാന്‍ ആളെ കണ്ടെത്താനും വിഷമമായി.
ഇതിനു പിന്നാലെയാണ് കേരള ബാങ്ക് തന്നെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയത്.