ചെറുപുഴ- മാലോം റൂട്ടില്‍ ബസുകള്‍ വിരളം
1338919
Thursday, September 28, 2023 1:30 AM IST
മാലോം: നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന മലയോര ഹൈവേയില്‍ ചെറുപുഴ- മാലോം റൂട്ടില്‍ പേരിനുള്ളത് വിരലില്‍ എണ്ണാവുന്ന ബസ് സര്‍വീസുകള്‍. രാവിലെ 7.30 കഴിഞ്ഞാല്‍ ഉച്ചക്ക് 1.30 വരെ ഒരു ബസ് പോലും ചെറുപുഴ -മാലോം റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്നില്ല.
മാലോത്ത് നിന്നും രാവിലെ 9.50 നുള്ള ചെറുപുഴ ബസ് പോയി കഴിഞ്ഞാല്‍ ഉച്ചക്ക് 1.25 നാണ് അടുത്ത ബസ്. മലയോരത്തെ പ്രധാന ടൗണുകളായ ചിറ്റാരിക്കല്‍, ചെറുപുഴ, ആലക്കോട് ഭാഗത്തേക്ക് പാണത്തൂര്‍, മാലക്കല്ല്, കള്ളാര്‍, രാജപുരം, കൊന്നക്കാട്, മാലോം പ്രദേശത്ത് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് മലയോര ഹൈവേ.
നിലവില്‍ മരുതോം, കാറ്റാംകവല പ്രദേശത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കാറ്റാംകവല വഴി റോഡ് മോശമാണെങ്കിലും മാലോം -ചെറുപുഴ ബസ് സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ ബസുകള്‍ അനുവദിച്ചാല്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനും കഴിയും.
വിദ്യാര്‍ഥികളും രോഗികളുമായ യാത്രക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പുതിയ ബസ് സര്‍വീസുകള്‍ അനുവദിച്ചാല്‍ മാലോത്ത് കസബ ജിഎച്ച്എസ്എസ്, കൊന്നക്കാട് ജിഎല്‍പിഎസ്, മാലോം വില്ലേജ് ഓഫീസ്, മാലോം സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച്, പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ സഹായകരമാകും.
യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി ഉത്തരവാദപ്പെട്ടവര്‍ ഇടപെടണമെന്ന് ഉത്തര മലബാര്‍ മലയോര പാസഞ്ചര്‍ അസോസിയേഷന് ഭാരവാഹികളായ ഡാര്ലിന് ജോര്‍ജ് കടവന്‍, പ്രകാശ്, ജോയല്‍ മാലോം, ഷെറിന് കൊല്ലകൊമ്പില്‍, പി.സി. രഘുനാഥന്, അനില്‍ വടക്കുംനാഥന് എന്നിവര്‍ ആവശ്യപ്പെട്ടു.