പുലിപ്പറമ്പില്‍ സൗരോര്‍ജവേലി മറികടന്ന് വീണ്ടും കാട്ടാനയിറങ്ങി
1338469
Tuesday, September 26, 2023 1:31 AM IST
അഡൂര്‍: കാറഡുക്ക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ മാസങ്ങളായി തമ്പടിച്ച കാട്ടാനകളെ മുഴുവന്‍ വനാതിര്‍ത്തി കടത്തി സൗരോര്‍ജവേലി ചാര്‍ജ് ചെയ്ത് രണ്ടാഴ്ച പിന്നിടുംമുമ്പേ ഒരാന വീണ്ടും തിരിച്ചെത്തി.
പുലിപ്പറമ്പിലെ സൗരോര്‍ജവേലിയുടെ ഒരു ഭാഗം പൊളിച്ചാണ് ആന ജനവാസകേന്ദ്രത്തിലെത്തിയത്. ഈ ഭാഗത്ത് വേലിയുടെ എനര്‍ജൈസര്‍ തകരാറിലായതുമൂലം ചാര്ജുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. സൗരോര്‍ജവേലിയുടെ നിര്‍മാണത്തിലുണ്ടായ സാങ്കേതിക തകരാറുകള്‍ ഇനിയും പൂര്‍ണമായി പരിഹരിക്കാനായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
പുലിപ്പറമ്പ് മുതല്‍ 16 കിലോമീറ്റര്‍ ദൂരം സൗരോര്‍ജവേലിയുടെ പരിപാലനത്തിന് വനംവകുപ്പ് 12 താത്കാലിക വാച്ചര്‍മാരെ നിയോഗിച്ചിരുന്നെങ്കിലും ഈ ഭാഗത്ത് ചാര്‍ജ് നഷ്ടമായ കാര്യം അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നാണ് സൂചന. പതിവുപോലെ മരക്കൊമ്പുകള്‍ കൊണ്ട് തട്ടിമാറ്റിയാകും കാട്ടാന വേലി തകര്‍ത്തതെന്നാണ് കരുതുന്നത്.
വേലി മറികടന്ന് എട്ടു കിലോമീറ്ററോളം മുന്നോട്ട് സഞ്ചരിച്ച ആന നിലവില്‍ നെല്ലിത്തട്ട് ക്ഷേത്രത്തിനു സമീപത്താണ് ഉള്ളത്. ഇത് നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ ഇടത്താവളമായ മുളിയാര്‍ വനത്തിലേക്കുള്ള വഴിയാണ്. ഏറ്റവും കൂടുതല്‍ വട്ടം നാട്ടിലിറങ്ങിയതും ഏറ്റവും അവസാനം തുരത്തിയതുമായ രണ്ട് ഒറ്റയാന്മാരില് ഒന്നാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ ദേലംപാടി പരപ്പയില്‍ പുഴ നീന്തിക്കടന്ന് മറ്റൊരാനയും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സൗരോര്ജവേലിക്കു സമീപം കൂടുതല്‍ ആനകള്‍ തമ്പടിച്ചിട്ടുണ്ടെന്നും തുടര്‍ന്നും വേലിയില്‍ ചാര്‍ജ് നിലനിര്‍ത്താനാവുന്നില്ലെങ്കില്‍ ഇവയും വേലി കടക്കാനാണ് സാധ്യതയെന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെനിന്നും വനാതിര്‍ത്തി കടത്തിവിട്ട ആനകളെ കര്‍ണാടക വനംവകുപ്പിന്റെ സഹായത്തോടെ തലക്കാവേരി വനത്തിലേക്ക് തുരത്താനുള്ള നിര്‍ദേശവും നടപ്പായില്ല. അധികം ഇടമില്ലാത്ത സുള്ള്യ-മണ്ടെക്കോല്‍ വനത്തില്‍ തന്നെ കഴിയേണ്ടിവന്നാല്‍ ആനകള്‍ വീണ്ടും കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള വഴി തേടുമെന്ന് നേരത്തേ ഉറപ്പായിരുന്നു.