വിനോദസഞ്ചാര മേഖലയ്ക്ക് പുതുപ്രതീക്ഷയായി കോട്ടഞ്ചേരി
1338129
Monday, September 25, 2023 1:13 AM IST
കൊന്നക്കാട്: സഞ്ചാരികള്‍ക്ക് പ്രതീക്ഷയേകി കോട്ടഞ്ചേരി ടൂറിസം യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു. പ്രകൃതിരമണീയവും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ കോട്ടഞ്ചേരി മലനിരകള്‍ അന്താരാഷ്ട്ര ടൂറിസം ഭൂപടങ്ങളില്‍ വരെ ഇടം നേടിയ സ്ഥലമാണ്. ഓസ്ട്രേലിയന്‍ ട്രാവല്‍ മാഗസിനായ ലോണ്‍ലി പ്ലാനറ്റില്‍ കോട്ടഞ്ചേരി മലനിരകളുടെ വശ്യഭംഗിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
കൂമ്പന്‍ മലയും പന്നിയാര്മാനിയും സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ നിന്നും അങ്ങകലെ തലക്കാവേരിയിലെ കറ്റാടി യന്ത്രങ്ങളുടെ വിദൂര ദൃശ്യം ആരുടെയും മനം മയക്കും.
കോട്ടഞ്ചേരിയുടെ സമീപപ്രദേശങ്ങളില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട് ഇതില്‍ എടുത്തു പറയേണ്ടതാണ് അച്ചന്‍കല്ല് വെള്ളച്ചാട്ടം. മണ്‍സൂണ്‍ കാലത്ത് ഇപ്പോള്‍തന്നെ നൂറുകണക്കിന് ആള്ക്കാര് ഇവിടെ എത്താറുണ്ട്.
കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പ്രദേശം സന്ദര്‍ശിച്ചതോടെ ടുറിസം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.
വനം വകുപ്പാണ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ കൂമ്പന്‍ മലയിലേക്കും പന്നിയാര്‍ മാനിയിലേക്കും ട്രെക്കിങ് സൗകര്യമായിരിക്കും ഒരുക്കുക. എന്നാല്‍ പദ്ധതി ആരംഭിക്കുന്നതോടെ പശ്ചാത്തല വികസനവും അനിവാര്യമായിരിക്കും.
കോട്ടഞ്ചേരിയിലേക്ക് എത്തിച്ചേരുന്ന റോഡ് വികസനം, വാഹന പാര്‍ക്കിംഗ് സൗകര്യത്തിനും സംവിധാനം ഒരുക്കേണ്ടതുണ്ട്. അതുപോലെ വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഉണ്ടാകണം.
മലയോര ജനതയുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.