എംഎല്‍എ വൈദ്യരുടെ പിന്മുറക്കാരി ഇനി ഡോക്ടറാകും
1338128
Monday, September 25, 2023 1:13 AM IST
കാഞ്ഞങ്ങാട്: പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒരുപാടുപേര്‍ക്ക് പുതുജീവന്‍ നല്കിയ പാരമ്പര്യ വിഷവൈദ്യനും നീലേശ്വരത്തിന്റെ ആദ്യ എംഎല്‍എ യുമായ കല്ലളന് വൈദ്യരുടെ പിന്മുറക്കാരി വൈദ്യശാസ്ത്ര പഠനരംഗത്തേക്ക്.
വൈദ്യരുടെ നാലാംതലമുറക്കാരിയായ അനഘയാണ് പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബിഎഎംഎസിന് പ്രവേശനം നേടിയത്.
1957 ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ദ്വയാംഗ മണ്ഡലമായിരുന്ന നീലേശ്വരത്തുനിന്നും ഇ.എം.എസ്. നമ്പൂതിരിപ്പാടിനൊപ്പമാണ് കല്ലളന് വൈദ്യര് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദ്വയാംഗ മണ്ഡലങ്ങളില്‍ ഒരു സീറ്റ് ജനറല്‍ വിഭാഗത്തിലും രണ്ടാമത്തെ സീറ്റ് പട്ടികവിഭാഗ സംവരണ വിഭാഗത്തിലുമായിരുന്നു. കൂടുതല്‍ വോട്ട് നേടുന്ന ജനറല്‍ സ്ഥാനാര്‍ഥിയും പട്ടികവിഭാഗ സ്ഥാനാര്‍ഥിയും തെരഞ്ഞെടുക്കപ്പെടുന്നതായിരുന്നു രീതി.
ഇ.എം.എസും കല്ലളന് വൈദ്യരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായിരുന്നെങ്കിലും കൂടുതല്‍ വോട്ട് നേടിയത് കല്ലളന് വൈദ്യരായിരുന്നു.
നാട്ടുകാരനായ കല്ലളന് വൈദ്യരുടെ ജനകീയതയാണ് ഇതിന് കാരണമായതെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഹ്രസ്വകാലം എംഎല്‍എ ആയിരുന്നെങ്കിലും തികച്ചും സാധാരണക്കാരനായാണ് വൈദ്യര് തുടര്‍ന്നും ജീവിച്ചത്.
പിന്തലമുറയില് ഇതുവരെ ആരും ചികിത്സാ രംഗത്തേക്കു കടന്നില്ല. സാധാരണ തൊഴിലാളികളായി കഴിയുകയായിരുന്നു.
വൈദ്യരുടെ മകന് വെസ്റ്റ് എളേരി അട്ടക്കാട്ടെ കൈതോട് എലുമ്പന്റെ മകന് ഭാസ്കരനാണ് അനഘയുടെ പിതാവ്. ഇദ്ദേഹം റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭാര്യ രജനി തൊഴിലുറപ്പ് തൊഴിലാളിയും.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കരക്കക്കുണ്ട് കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂളിലും പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലുമായാണ് അനഘ പഠിച്ചത്.
എംബിബിഎസായിരുന്നു ലക്ഷ്യമെങ്കിലും പ്രവേശനം കിട്ടിയത് ബിഎഎംഎസിനാണ്. ഈ വര്‍ഷം തന്നെ എംബിബിഎസിലേക്ക് മാറാന്‍ അവസരം ലഭിച്ചാല്‍ അത് വിനിയോഗിക്കാനാണ് തീരുമാനം.
അനുജത്തി അനന്യ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്.