യോഗ ഇന്‍സ്റ്റിറ്റ്യൂട്ടും കരിന്തളത്തിന് നഷ്ടമാകുന്നു; തറക്കല്ല് പഞ്ചായത്ത് ഓഫീസിൽ
1337758
Saturday, September 23, 2023 2:43 AM IST
കരിന്തളം: കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തി തറക്കല്ലിടല്‍ വരെ നടത്തിയ കേന്ദ്രസര്‍ക്കാരിന്റെ യോഗ-പ്രകൃതി ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയും ഉപേക്ഷിക്കപ്പെടുന്നതിന്റെ വഴിയിലെന്ന് സൂചന.
പദ്ധതി ഉടനെങ്ങും നടപ്പാകാന്‍ സാധ്യത കുറവാണെന്നാണ് കഴിഞ്ഞദിവസം റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപക സംഗമത്തില്‍ ആയുഷ് മിഷന് ഡയറക്ടര്‍ ഡി. സജിത്ബാബു അറിയിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിനായി നാലര വര്‍ഷം മുമ്പ് തോളേനി മുത്തപ്പന് മടപ്പുരയ്ക്ക് സമീപത്തെ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ച തറക്കല്ല് കോയിത്തട്ടയിലെ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുവച്ച നിലയിലാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 ഫെബ്രുവരി മൂന്നിനാണ് അന്നത്തെ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക് പദ്ധതിക്ക് തറക്കല്ലിട്ടത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അതിനു മുമ്പത്തെ കേന്ദ്ര ബജറ്റിലായിരുന്നു കേരളത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടന്നത്.
പദ്ധതിക്കായി തോളേനിയിലെ 15 ഏക്കര്‍ റവന്യൂ ഭൂമി കേന്ദ്ര യോഗ ആന്‍ഡ് നാച്ചുറോപ്പതി റിസര്‍ച്ച് കൗണ്‍സിലിന് 30 വര്‍ഷത്തേക്ക് നാമമാത്ര പാട്ടത്തിനു നൽകാന് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം മോദി സര്‍ക്കാര്‍ തന്നെ വീണ്ടും വന്നിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ ഒരടി പോലും മുന്നോട്ടുപോയില്ല. സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന വാര്‍ത്തയും അതിനിടയില്‍ പറഞ്ഞുകേട്ടിരുന്നു.
യോഗ-പ്രകൃതി ചികിത്സാ മേഖലകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെയുള്ള പഠനത്തിനും അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുങ്ങുമെന്നായിരുന്നു പ്രതീക്ഷ.
കേന്ദ്ര മെഡിക്കല്‍ കോളജിന്റെ നിലവാരമുള്ള ഇത്തരമൊരു സ്ഥാപനം വരുന്നതോടെ പ്രകൃതി ചികിത്സാ സംവിധാനങ്ങള്‍ തേടിയെത്തുന്ന വിദേശസഞ്ചാരികളെയുള്പ്പെടെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു.
നേരത്തേ പല കാലങ്ങളിലായി സൈബര്‍ പാര്‍ക്കിനും മിനി വിമാനത്താവളത്തിനും കേന്ദ്ര സര്‍വകലാശാലയ്ക്കും മെഡിക്കല്‍ കോളജിനും വേണ്ടി തോളേനിയിലെ സ്ഥലം പരിഗണിച്ചിരുന്നു.
അവസാനം കിട്ടിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി നഷ്ടമാകുമെന്നായതോടെ നഷ്ടമായ പദ്ധതികളുടെ ഒരു മ്യൂസിയം തന്നെ ഇവിടെ തുടങ്ങാവുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.