മെയ്ക്കരുത്തില്‍ മിന്നണ് ‘ധീരം’
1337488
Friday, September 22, 2023 3:21 AM IST
കാസര്‍ഗോഡ്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സ്വയം നേരിടാന്‍ കരുത്ത് ആര്‍ജിക്കുകയാണ് ജില്ലയിലെ ധീരം വനിതകള്‍. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് (എസ്കെഎഫ്) ആരംഭിച്ച ‘ധീരം' പദ്ധതിയിലൂടെ 30 വനിതകളാണ് ജില്ലയില്‍ കരാട്ടെ പരിശീലിക്കുന്നത്.
സുരക്ഷ മാത്രമല്ല, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നേടാനും വനിതകളെ പ്രാപ്തരാക്കുന്നു. ആയോധനകലയില്‍ പരിശീലനം നല്കി കായികവും മാനസികവുമായ ആരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുകയാണ് ലക്ഷ്യം.
കുടുംബശ്രീ 25-ാം വാര്‍ഷികപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുവത്തൂര്‍ സിഡിഎസ് ഹാള്‍, ചെമ്മനാട് സിഡിഎസ് ഹാള്‍ എന്നിവയാണ് ജില്ലയിലെ പരിശീലന കേന്ദ്രങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്നു മണിക്കൂര്‍ വീതം ഒരു വര്‍ഷത്തേക്കാണ് പരിശീലനം.
ജില്ലാതല പരിശീലനം നേടുന്നവര്‍ കുടുംബശ്രീ സംരഭക ഗ്രൂപ്പുകളായി രജിസ്റ്റര്‍ ചെയ്യും. ഈ ഗ്രൂപ്പുകള്‍ വഴി കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ്, ബാലസഭ അംഗങ്ങള്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ഇതുവഴി വരുമാനവും ലഭിക്കും. സ്നേഹിത പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തുന്നത്.