സംസ്ഥാനപാതയിലെ മരണക്കുഴികള്‍: ശാശ്വതപരിഹാരം വേണം
1337201
Thursday, September 21, 2023 6:39 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മരണക്കുഴികള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചു.
കാസര്‍ഗോഡ് ചന്ദ്രഗിരി റോഡില്‍ കഴിഞ്ഞ ദിവസം ബൈക്ക് കുഴിയില്‍ വീണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ച് വീണ് ദാരുണമായി മരണപ്പെട്ട സംഭവം അധികൃതരുടെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിയുന്നത് സര്‍വസാധാരണമാണെങ്കിലും അധികൃതര്‍ തുടരുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്.
വ്യവസായ സംരംഭകരെയും വിനോദസഞ്ചാരികളെയും ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍
"റൈസിംഗ് കാസര്‍ഗോഡ്' പോലെ വിപുലമായ നിക്ഷേപ സംഗമം ഒരു വശത്ത് നടക്കുമ്പോള്‍ മറ്റൊരു വശത്ത് മരണക്കുഴികള്‍ കാരണം ജീവന് പൊലിയുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് മുന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്രബാലിഗയുടെ മകളും മണിപ്പാല്‍ യൂണിവേഴ്സിറ്റി മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയുമായ ശിവാനി ബാലിഗയാണ് ഞായറാഴ്ച വൈകിട്ട് ബേക്കല്‍ സന്ദര്‍ശിച്ച് മണിപ്പാലിലേക്ക് മടങ്ങവേ അപകടത്തില്‍പെട്ട് മരിച്ചത്.
അപകടം നടന്നത് പുലിക്കുന്ന് പിഡബ്ല്യുഡി ഓഫീസിന് തൊട്ടടുത്താണ് എന്നത് അധികൃതരുടെ അനാസ്ഥയുടെ ആഴം വെളിവാക്കുന്നതാണെന്ന് എന്‍എംസിസി കാസര്‍ഗോഡ് ചാപ്റ്റര്‍ ചെയര്മാന് എ.കെ. ശ്യാംപ്രസാദ്, ജനറല്‍ കണ്‍വീനര്‍ എം.എന്‍ . പ്രസാദ് എന്നിവര്‍ ചൂണ്ടിക്കാട്ടി.