പരപ്പ വില്ലേജ് അദാലത്ത്: 32 പരാതികള്‍ ലഭിച്ചു
1337195
Thursday, September 21, 2023 6:39 AM IST
പരപ്പ: വില്ലേജ് അദാലത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരപ്പ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി 32 പരാതികള്‍ ലഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. ലൈഫ് പദ്ധതിയില്‍ വീടിനുള്ള അപേക്ഷ അഞ്ചെണ്ണം ലഭിച്ചു.
ഗോത്രവാഹിനി പദ്ധതിയില്‍ വാഹനം അനുവദിക്കണം, കോളനികളിലേക്കുള്ള റോഡ്, കൈവശഭൂമിക്ക് പട്ടയം, സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടല് തുടങ്ങിയവ സംബന്ധിച്ച് പരാതികള്‍ കളക്ടര്‍ക്ക് കൈമാറി.
പരപ്പ കാരാട്ട് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും ലഭിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ പി.വി. ചന്ദ്രന്, പഞ്ചായത്തംഗങ്ങളായ സില്‍വി, സി.എച്ച്. അബ്ദുല്‍ നാസര്‍ എന്നിവരും അദാലത്തിനെത്തി.