ഏറ്റവുമധികം വിദ്യാര്‍ഥികള്‍ ചെര്‍ക്കളയിലും ചായ്യോത്തും
1301320
Friday, June 9, 2023 1:11 AM IST
കാസര്‍ഗോഡ്: പുതിയ അധ്യയനവര്‍ഷത്തിന്റെ ആറാം പ്രവൃത്തിദിനത്തിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തുള്ളത് ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂൾ.
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 2287 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഇവിടെയുള്ളത്. 1947 കുട്ടികളുമായി ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തും 1904 കുട്ടികളുമായി കുണ്ടംകുഴി മൂന്നാംസ്ഥാനത്തുമാണ്.
പ്ലസ് വണ്‍ പ്രവേശനം തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിഭാഗത്തിലെ കുട്ടികളുടെ എണ്ണത്തിലും മൂന്ന് സ്കൂളുകളും മുന്‍പന്തിയിലാണ്.
യുപി വിഭാഗം വരെ മാത്രമുള്ള സ്കൂളുകളില്‍ 1151 വിദ്യാര്‍ഥികളുമായി ചട്ടഞ്ചാല്‍ തെക്കില്‍പറമ്പ് ഗവ.യുപി സ്കൂളും എല്‍പി സ്കൂളുകളില്‍ 394 കുട്ടികളുമായി പെരിയ ഗവ.എല്‍പി സ്കൂളുമാണ് ഒന്നാംസ്ഥാനത്ത്.
നിര്‍മാണം നടക്കുന്ന ആറുവരി ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പെട്ടുപോയ അവസ്ഥയിലാണ് ഇപ്പോള്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്കൂൾ. പ്രീപ്രൈമറി, എല്‍പി, യുപി വിഭാഗങ്ങള്‍ റോഡിന്റെ ഒരുവശത്തും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ മറുവശത്തുമാണ്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. യുപി വിഭാഗത്തിന് സ്ഥലസൗകര്യമില്ലാത്തതിനാല്‍ റോഡിന്റെ മറുവശത്തെ ഹൈസ്കൂള്‍ വിഭാഗം കെട്ടിടത്തിലാണ് ഏതാനും ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ ക്ലാസ്മുറികളും അധ്യാപക തസ്തികകളും വേണമെന്ന ആവശ്യവും ഏറെനാളായുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി വിവിധ വിഭാഗങ്ങളിലായി 15 അധ്യാപക തസ്തികകള്‍ കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിയമനമൊന്നും ആയിട്ടില്ല. അധ്യാപകരുടെയും ക്ലാസ്മുറികളുടെയും കുറവ് മൂലം ഇപ്പോള്‍ ഒരു ക്ലാസില്‍ 50 മുതല്‍ 80 വരെ കുട്ടികളെ ഇരുത്തിയാണ് പഠനം നടത്തുന്നത്. ദേശീയപാത പൂര്‍ത്തിയാകുന്നതോടെ പ്രൈമറി വിഭാഗം വേര്‍പെടുത്തി പ്രത്യേക സ്കൂളാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവുമധികം കുട്ടികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളാണ് ചായ്യോത്ത് ഗവ.ഗയര്‍ സെക്കന്‍ഡറി സ്കൂൾ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ സര്‍ക്കാര്‍ സ്കൂളെന്ന പ്രശസ്തിയുമുണ്ട്. മികച്ച കെട്ടിടങ്ങളും അഞ്ച് സ്കൂള്‍ ബസുകളുമുള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സമ്പൂര്‍ണ കുടിവെള്ള പദ്ധതി, മാതൃകാ സയന്‍സ് ലാബ്, ലൈബ്രറി എന്നിവയും എന്‍സിസി, എസ്പിസി, ജൂണിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എന്‍എസ്എസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങി മിക്കവാറും എല്ലാ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ട്.
സ്പോര്‍ട്സ് ഡിവിഷന് തുടങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.