നാളികേര സംഭരണം ഫലപ്രദമാക്കണമെന്ന് കിസാൻ സഭ
1300990
Thursday, June 8, 2023 12:49 AM IST
രാജപുരം: നാളികേര സംഭരണം ഫലപ്രദമാക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ സംഭരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിബന്ധനകൾ കർഷകദ്രോഹകരമാണ്. ആകെ ഉല്പാദിക്കുന്ന തേങ്ങയുടെ അഞ്ച് ശതമാനം മാത്രമേ വിവിധ ഏജൻസികൾ മുഖേന സംഭരിക്കാൻ കഴിയുന്നുള്ളൂ. ബാക്കി 95 ശതമാനവും നാമമാത്ര വിലയ്ക്ക് പുറത്ത് വില്ക്കാൻ കർഷകർ നിർബന്ധിതരാവുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എം.വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ, ടി.കെ നാരായണൻ, പി.ടി.തോമസ്, കെ.കുഞ്ഞികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.