വിടരും മുന്പേ കൊഴിഞ്ഞ് കൊറഗ കോളനിയിലെ പുല്ലാഞ്ഞി കൃഷി
1300981
Thursday, June 8, 2023 12:49 AM IST
ബദിയടുക്ക: പട്ടികവര്ഗ ഗോത്രവിഭാഗമായ കൊറഗര്ക്ക് തൊഴിലവസരമൊരുക്കുന്നതിനായി 10 ലക്ഷം രൂപ ചെലവിട്ട് നടപ്പാക്കിയ പുല്ലാഞ്ഞി കൃഷി പദ്ധതിക്കും അകാല നാശം. ഡി.സജിത് ബാബു ജില്ലാ കളക്ടറായിരുന്ന കാലത്ത് 2018 ലാണ് ബദിയടുക്കയിലെ മാടത്തടുക്ക കോളനിയില് പദ്ധതി നടപ്പാക്കിയത്. എച്ച്എഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില് നിന്നാണ് തുക ലഭിച്ചത്. വനത്തില് നിന്നു ശേഖരിക്കുന്ന പുല്ലാഞ്ഞിവള്ളികള് ഉപയോഗിച്ച് കൊട്ട മെടയുന്നതാണ് കൊറഗ സമൂഹത്തിന്റെ പരമ്പരാഗത ഉപജീവനമാര്ഗം. അടുത്ത കാലത്തായി ഇത്തരം വള്ളികള് കിട്ടാന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇവ കൃഷി ചെയ്യുന്നതിനുള്ള ആശയം ഉയര്ന്നുവന്നത്.
കര്ണാടക വനത്തില് നിന്നു പുല്ലാഞ്ഞി തൈകള് കൊണ്ടുവന്ന് കോളനിക്കു സമീപം നട്ടുവളര്ത്താനായിരുന്നു പദ്ധതി. ഇവ പടര്ത്തുന്നതിനായി നിശ്ചിത അകലത്തില് ഇരുമ്പ് തൂണുകളും സ്ഥാപിച്ചു. എന്നാല് കൊണ്ടുവന്നു നട്ട തൈകളെല്ലാം പ്രതികൂല കാലാവസ്ഥയില് മാസങ്ങള്ക്കകം കരിഞ്ഞുണങ്ങി. സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കാടുകള്ക്കുള്ളിലെ തണുത്ത കാലാവസ്ഥയില് മരങ്ങളില് പടര്ന്ന് വളരുന്ന വള്ളികളെ തുറന്ന സ്ഥലത്ത് ഇരുമ്പ് തൂണുകളില് വളര്ത്തുന്നത് തീര്ത്തും അപ്രായോഗികമായിരുന്നു. പദ്ധതിയുടെ ഭാഗമായി കൊറഗ യുവാക്കള്ക്ക് പരമ്പരാഗത രീതിയിലുള്ള കൊട്ടമെടയലിനൊപ്പം വിവിധ കരകൗശലവിദ്യകളില് പരിശീലനം നല്കുന്നതിനും ഉല്പന്നങ്ങളുടെ വിപണനത്തിനുമായി കോളനിക്കു സമീപം ആറു ലക്ഷം രൂപ ചെലവില് ഒരു കെട്ടിടവും പണിതിരുന്നു.
പുല്ലാഞ്ഞികള് വളര്ന്നില്ലെങ്കിലും മുള കൊണ്ട് കരകൗശല ഉല്പന്നങ്ങള് നിര്മിക്കുന്നതിനുള്ള പരിശീലനം യുവാക്കള്ക്ക് നല്കിയതായാണ് പട്ടികവര്ഗ വകുപ്പിന്റെ വിശദീകരണം. പുല്ലാഞ്ഞി കൃഷി തുടങ്ങിയ സ്ഥലം ഇപ്പോള് കാടുപിടിച്ച് കിടക്കുകയാണ്. കാട്ടുവള്ളികള് പടര്ന്ന ഇരുമ്പുതൂണുകളും തൊട്ടടുത്ത് പുല്ലാഞ്ഞി തൈകള് നട്ടിരുന്ന കുഴികളുടെ അടയാളങ്ങളുമാണ് പദ്ധതിയുടെ ബാക്കിപത്രമായി അവശേഷിക്കുന്നത്. കൊറഗ സമൂഹത്തിന്റെ ഉന്നമനത്തിനായി നേരത്തേ ബദിയടുക്ക പഞ്ചായത്തിലെ തന്നെ പെര്ഡാല കോളനിയില് ലക്ഷങ്ങള് ചെലവഴിച്ച് നടപ്പാക്കിയ റബര് കൃഷിയും കനത്ത പരാജയമായിരുന്നു. അവിടെ നേരത്തേയുണ്ടായിരുന്ന കശുമാവുകള് വെട്ടിയാണ് റബര് മരങ്ങള് നട്ടത്. കോളനിയിലെ യുവാക്കള്ക്ക് ടാപ്പിംഗ് പരിശീലനം നല്കിയെങ്കിലും പ്രതീക്ഷിച്ച ലാഭമില്ലാത്തതിനാല് ചുരുങ്ങിയ കാലംകൊണ്ട് അവര് അതില്നിന്നു പിന്തിരിയുകയായിരുന്നു. റബര്തോട്ടവും ഇപ്പോള് കാടുപിടിച്ചു കിടക്കുകയാണ്.