സാഗര് പരിക്രമയാത്ര നാളെ ജില്ലയില്
1300770
Wednesday, June 7, 2023 12:59 AM IST
കാസര്ഗോഡ്: മത്സ്യത്തൊഴിലാളികള്, തീരദേശ നിവാസികള്, മറ്റു സ്റ്റോക്ക് ഹോള്ഡേഴ്സ് എന്നിവരുമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സംവദിക്കുന്നതിനായി നടത്തുന്ന തീരദേശ സന്ദര്ശന പരിപാടി സാഗര് പരിക്രമ യാത്രയുടെ ഏഴാംഘട്ടം നാളെ ജില്ലയില് നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്ഗോഡ് മുനിസിപ്പല് ടൗണ് ഹാളില് ഗുണഭോക്തൃ സംഗമം കേന്ദ്ര ഫിഷറീസ് മന്ത്രി പര്ഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ. എല്. മുരുകന്, രാജ്മോഹന് ഉണ്ണിത്താന് എംപി, എന്.എ. നെല്ലിക്കുന്ന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര് കെ. ഇമ്പശേഖര് എന്നിവര് വിശിഷ്ടാതിഥികളാകും. മടക്കര ഫിഷിംഗ് ഹാര്ബറില് നിന്ന് ജില്ലയിലെ സാഗര് പരിക്രമയാത്ര ആരംഭിക്കും. തുടര്ന്ന് പള്ളിക്കര ഫിഷര്മെന് കോളനി സന്ദര്ശിക്കും. ശേഷം കാഞ്ഞങ്ങാട് പിഎംഎംഎസ്വൈ ഗുണഭോക്തൃ യോഗം ചേരും.
വിവിധ കേന്ദ്ര സര്ക്കാര് പദ്ധതികളുടെ പുരോഗതി വിലയിരുത്തുക, മത്സ്യത്തൊഴിലാളികളുമായി സംവദിക്കുക കൂടാതെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്, അനുഭവങ്ങള് മനസിലാക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശം. പരിപാടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്, മത്സ്യകര്ഷകര്, മത്സ്യമേഖലയിലെ സംരംഭകര് എന്നിവരെ ആദരിക്കും.