യുവ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകയ്ക്കെതിരേ പാര്‍ട്ടി നടപടി
1298219
Monday, May 29, 2023 12:50 AM IST
കാഞ്ഞങ്ങാട്: പാര്‍ട്ടിഗ്രാമത്തിലെ റോഡ് വിഷയത്തിലെ കേസിനെച്ചൊല്ലി ജൂണിയര്‍ അഭിഭാഷകയുടെ കരണത്തടിച്ച സീനിയര്‍ അഭിഭാഷകയെ സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍കമ്മിറ്റി പാര്‍ട്ടിയില്‍ നിന്നും ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകയും വൈനിങ്ങാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ എം.ആശാലതക്കെതിരേയാണ് നടപടിയെടുത്തത്. ജൂണിയര്‍ അഭിഭാഷകയും കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കവിതയുടെ പരാതിയിലാണ് നടപടി. 24നു രാവിലെ 9.30ഓടെ ഇവരുടെ ഓഫീസിലെത്തി കവിതയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി. ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകയെ കുറ്റപ്പെടുത്തി പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് മര്‍ദനത്തിന് കാരണമായത്. മടിക്കൈ പഞ്ചായത്തില്‍ ബങ്കളം ദിവ്യംപാറ - കോഴി ഫാം റോഡ് നിര്‍മാണത്തിനെതിരേ സ്വകാര്യവ്യക്തികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരേ കേസില്‍ കക്ഷിചേര്‍ന്ന് സ്റ്റേ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം തെക്കന്‍ ബങ്കളം ബ്രാഞ്ച് കമ്മിറ്റി ആശാലതയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി കേസ് പരിഗണിച്ച ദിവസം ഇവര്‍ ഹാജരായില്ല. കേസ് തോല്‍ക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിക്കുമുന്നില്‍ വീണ്ടും പരാതിയെത്തി. പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കവിതയെ ഏല്പിച്ചു. ആശാലതയുടെ പിഴവ് മൂലമാണ് കേസ് തോറ്റതെന്ന് കാണിച്ചാണ് കവിത പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ആശാലതക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി അംഗത്വം രാജിവെക്കുമെന്ന് കവിതയും ഭര്‍ത്താവും നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഹൊസ്ദുര്‍ഗ് അഡീ.ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീ.പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു ആശാലത. ഭര്‍ത്താവ് വി.പ്രകാശന് മടിക്കൈ പഞ്ചായത്ത് വൈസ്പ്രസിഡന്റും സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റിയംഗവുമാണ്.
ബങ്കളം കക്കാട്ട് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി തിരിമറി നടത്തിയ സംഭവത്തില്‍ പ്രകാശന് പാര്‍ട്ടി അടുത്തിടെ താക്കീത് നല്‍കിയിരുന്നു.