ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം അനാവശ്യം: എച്ച്എസ്എസ്ടിഎ
1298217
Monday, May 29, 2023 12:50 AM IST
കാസര്‍ഗോഡ്: അധ്യയനവര്‍ഷം 220 പ്രവൃത്തി ദിനങ്ങള്‍ തികയ്ക്കാനെന്ന പേരില്‍ 28 ശനിയാഴ്ചകള് പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കം ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അനാവശ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (എച്ച്എസ്എസ്ടിഎ) ജില്ലാ കമ്മിറ്റി.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ അമിത പഠനഭാരവും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയക്കുറവും പരിഹരിക്കാന്‍ ശാസ്ത്രീയമായ പഠനം നടത്തിയാണ് ശനിയാഴ്ചയിലെ അധ്യയന സമയം മറ്റു ദിവസങ്ങളിലായി ക്രമീകരിച്ചത്. ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 4.45 വരെയാണ് അധ്യയന സമയം. ഇടവേളകള്‍ ഒഴിവാക്കിയാല്‍തന്നെ ദിവസേന ആറര മണിക്കൂറിലേറെ അധ്യയന സമയം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന തരത്തില്‍ അധ്യയന വര്‍ഷം ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ 160 ല്‍ താഴെ ദിവസം മാത്രം മതിയെന്നിരിക്കെ 180 മുതല്‍ 200 വരെ അധ്യയന ദിവസങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. പഠനേതര പ്രവര്‍ത്തനങ്ങളായ എന്‍എസ്എസ്, എസ്പിസി, സ്കൗട്ട്സ് & ഗൈഡ്സ്, എന്‍സിസി തുടങ്ങിയവ അധ്യയനസമയം നഷ്ടമാവാതെ ഇപ്പോള്‍ ശനിയാഴ്ചകളില്‍ നടന്നുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വീണ്ടും ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാനുള്ള അനാവശ്യ നീക്കത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എൻ.സദാശിവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി.രൂപേഷ്, ട്രഷറര്‍ എം.രവി, സി.പി.അഭിരാം, കെ.ഹരിപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.