കരുതലും കൈത്താങ്ങും അദാലത്തില് തീര്പ്പായത് 243 അപേക്ഷകള്
1298019
Sunday, May 28, 2023 7:03 AM IST
കാസര്ഗോഡ്: മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും അഹമ്മദ് ദേവര്കോവിലിന്റെയും സാന്നിധ്യത്തില് നഗരസഭാ ടൗണ് ഹാളില് നടന്ന കാസര്ഗോഡ് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില് തീര്പ്പായത് 243 അപേക്ഷകൾ.
503 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില് അദാലത്തില് ഉള്പ്പെടാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട 131 എണ്ണം നിരസിച്ചു. അവശേഷിക്കുന്ന അപേക്ഷകള് കൂടുതല് പരിശോധനകള്ക്കും നടപടികള്ക്കുമായി മാറ്റിവച്ചു. അദാലത്ത് ദിവസം പുതുതായി 127 അപേക്ഷകള് ലഭിച്ചു.
എന്ഡോസള്ഫാന് ദുരിതബാധിതര്ക്കായി മെഡിക്കല് ക്യാമ്പ് നടത്താനുള്ള സെല് തീരുമാനം അടിയന്തിരമായി നടപ്പിലാക്കാന് ജില്ലാ കളക്ടര്ക്ക് സെല് ചെയര്മാന് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് നിര്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് അദാലത്തില് ലഭിച്ച പരാതികള് പരിഗണിച്ചാണ് നിര്ദേശം.
മെഡിക്കല് ക്യാമ്പിനുള്ള സ്ഥലം ഉടന് തീരുമാനിക്കാനും മന്ത്രി കളക്ടര് കെ.ഇമ്പശേഖറിനോട് നിര്ദേശിച്ചു. മെഡിക്കല് ക്യാമ്പിന് ആവശ്യമായ വിദഗ്ധ ഡോക്ടര്മാരെ ലഭ്യമാക്കാന് ആരോഗ്യ വകുപ്പിന് നിര്ദേശം നല്കി. ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോര്ജുമായി ടെലിഫോണില് സംസാരിച്ചു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ.എ.വി.രാംദാസ്, എന്എച്ച്എം പ്രൊജക്ട് ഓഫീസര് ഡോ.റിജിത് എന്നിവരും സംബന്ധിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ മണ്ണാപ്പില് കാസര്ഗോഡ് വികസന പാക്കേജില് ഉള്പ്പെടുത്തി ചെക്ക് ഡാമും ട്രാക്ടര് വേയും നിര്മിക്കണമെന്ന ആവശ്യവും അദാലത്തില് അംഗീകരിച്ചു. ലൈഫ് ഭവനപദ്ധതി, വീടുകളുടെ അറ്റകുറ്റപണി, ബിപിഎല് കാര്ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകളും അദാലത്തില് പരിഗണിച്ചു.