കാസര്‍ഗോഡ്: നിയമസഭാ യുവജനകാര്യസമിതി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. സമിതി ചെയര്മാന് കെ.വി.സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ അനുവദിച്ച അഡ്വഞ്ചര്‍ അക്കാദമി, യൂത്ത് ഹോസ്റ്റൽ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിന് കെട്ടിടസൗകര്യം, സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് എന്നിവയുടെ സ്ഥലലഭ്യതയും സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്ജികളിന്മേല് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു തെളിവെടുപ്പ് നടത്തി. യുവജനങ്ങളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍ സ്വീകരിച്ചു. നാല് പരാതികള്‍ പരിഗണിച്ചതില്‍ ഒരെണ്ണം തീര്‍പ്പാക്കി. മൂന്ന് പുതിയ പരാതികളും രണ്ട് പ്രതികരണ പരാതികളും ലഭിച്ചു.സമിതി അംഗങ്ങളായ എം.വിജിൻ, മുഹമ്മദ് മുഹ്സിന്, എം.എസ്.അരുണ്‍ കുമാർ, എഡിഎം കെ.നവീന്‍ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.