വെള്ളരിക്കുണ്ട്: നാളെ മുതല്‍ 27 വരെ വെള്ളരിക്കുണ്ടില്‍ ബളാല്‍ കൃഷിഭവനും ബളാല്‍ പഞ്ചായത്ത് സിഡിഎസും കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചക്ക-മാമ്പഴ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി, കാലാപ്പാടി, ചക്കക്കട്ടി, ഹിമാപസന്ത്, സിന്ദൂരം, പ്രിയൂർ, മുണ്ടപ്പ, ഗുദാദത്ത്, മല്ലിക, മല്‍ഗോവ, അല്‍ഫോന്‍സോ, നീലം തുടങ്ങിയ 20 ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടക്കുക. വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തിലെ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ ചക്കയും മാങ്ങയും കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ബളാല്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകർ, സിഡിഎസ് അംഗങ്ങള്‍ക്ക് പുറമെ വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉത്പനങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും.