പേരിനൊരു ബോട്ടുമായി ഉള്‍നാടന്‍ ജലഗതാഗതം
1280804
Saturday, March 25, 2023 1:09 AM IST
കാഞ്ഞങ്ങാട്: ചെലവുകുറഞ്ഞ യാത്രയ്ക്കും വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനുമെല്ലാം കേരളത്തിന്റെ തനത് പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട ഉള്‍നാടന്‍ ജലഗതാഗതം ജില്ലയില്‍ കടലാസ് പദ്ധതികളിലൊതുങ്ങുന്നു. തൃക്കരിപ്പൂര്‍ ആയിറ്റി കടവിലുള്ള ജലഗതാഗത വകുപ്പിന്റെ റീജണല്‍ ഓഫീസിനു കീഴില്‍ ഒരേയൊരു ബോട്ട് മാത്രമാണ് നിലവില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്നത്. അതില്‍ തന്നെ പലപ്പോഴും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കുറവാണ് യാത്രക്കാര്‍. കായല്‍ യാത്രയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ "സീ കവ്വായി' എന്ന പേരില്‍ പ്രത്യേക ബോട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ഒന്നര വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. വിനോദസഞ്ചാരത്തിനെത്തുന്ന സാധാരണക്കാര്‍ക്ക് ഹൗസ്ബോട്ടുകളേക്കാള് ഗണ്യമായി കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യമൊരുക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
കൊറ്റി-കോട്ടപ്പുറം റൂട്ടില്‍ അതിവേഗ യാത്രാബോട്ടിന്റെ സാധ്യത തേടി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍വേ നടത്തിയിരുന്നു. എന്നാല്‍ ബോട്ട് ചാനലിന്റെ ആഴക്കുറവ് പലയിടങ്ങളിലും പ്രശ്നമാകുമെന്നാണ് കണ്ടെത്തിയത്. ഇത് പരിഹരിച്ചുകൊണ്ട് സര്‍വീസ് തുടങ്ങാമെന്ന നിര്‍ദേശം വന്നെങ്കിലും അതും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
പടന്നയ്ക്കും പാണ്ഡ്യാല കടപ്പുറത്തിനും ഇടയിലാണ് നിലവിലുള്ള ഏക യാത്രാബോട്ടായ എ 62 സര്‍വീസ് നടത്തുന്നത്. വലിയപറമ്പ് ദ്വീപിന്റെ രണ്ടു ഭാഗങ്ങളില്‍ പാലങ്ങള്‍ വന്നതോടെയാണ് ഇതിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും വന്‍തോതില്‍ കുറഞ്ഞത്. കുറഞ്ഞ ചെലവില്‍ ബോട്ടുയാത്ര നടത്തി കവ്വായിക്കായലിന്റെ മനോഹാര്യത കാണാന്‍ അവസരമുണ്ടാക്കിയാല്‍ വിദ്യാര്‍ഥികളും കുടുംബങ്ങളുമുള്പ്പെടെയുള്ള ചെറുകിട വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന് നേരത്തേ വിലയിരുത്തിയതാണ്. ഹൗസ്ബോട്ടുകളുടെ ഉയര്‍ന്ന നിരക്കാണ് ഇടത്തരക്കാരെ പിറകോട്ടു വലിക്കുന്നത്. കൂടുതല്‍ പേരടങ്ങിയ സംഘങ്ങള്‍ക്കു മാത്രമേ ഹൗസ്ബോട്ട് യാത്ര താരതമ്യേന ലാഭകരമാവുകയുള്ളൂവെന്നാണ് നിലവിലെ സ്ഥിതി.
നിര്‍ദിഷ്ട കോവളം-ബേക്കല്‍ ജലപാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ബോട്ടുകള്‍ ആരംഭിക്കുമെന്നാണ് ജലഗതാഗതവകുപ്പിന്റെ ഉറപ്പ്. അതിനു പക്ഷേ ഇനിയും വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ബജറ്റ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കില്‍ അത് വിനോദസഞ്ചാര വികസനത്തോടൊപ്പം ജലഗതാഗത വകുപ്പിന് മികച്ച വരുമാനം നേടിക്കൊടുക്കാനും വഴിയൊരുക്കുമായിരുന്നു.