കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരം മോടിപിടിപ്പിക്കുന്നു
1280474
Friday, March 24, 2023 12:55 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരവും അനുബന്ധ റോഡും സൗന്ദര്യവത്കരിക്കുന്നതിനായി കാസര്‍ഗോഡ് വികസന പാക്കേജില്‍ അഞ്ചു കോടി രൂപയുടെ പദ്ധതി ടെണ്ടറായി. തായലങ്ങാടി ക്ലോക്ക് ടവര്‍ മുതല്‍ തെരുവത്ത് വരെയാണ് പദ്ധതി നടപ്പിലാക്കുക.
റെയില്‍വേ സ്റ്റേഷന് പരിസരവും റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടായിരിക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക.
റോഡിന്റെ ഇരുവശങ്ങളിലും ഇന്റര്‍ലോക്കും ഡ്രൈനേജും ഉണ്ടാകും. വിശാലമായ പാര്‍ക്കിംഗ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കിയോസ്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരങ്ങള്‍ക്ക് സംരക്ഷണഭിത്തികളും നിര്‍മിക്കും.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗമാണ് പദ്ധതി നിര്‍വഹണം ഏറ്റെടുത്തിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.