പരീക്ഷ കഴിയും മുമ്പേ അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങളെത്തി
1280465
Friday, March 24, 2023 12:55 AM IST
കാസര്‍ഗോഡ്: പരീക്ഷകള്‍ കഴിഞ്ഞ് സ്കൂളടക്കുന്നതിനുമുമ്പേ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിത്തുടങ്ങി. ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ പകുതിയോളം പുസ്തകങ്ങളുമാണ് ആദ്യഘട്ടത്തില്‍ ജില്ലാ ഡിപ്പോയിലെത്തിയത്. ഓരോ ക്ലാസിലെയും മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലായി ആകെ നാലു ലക്ഷം പാഠപുസ്തകങ്ങളാണ് എത്തിയത്.
പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂരില്‍ നടക്കും. ഇതോടെ ജില്ലയിലും പുസ്തക വിതരണത്തിന് തുടക്കമാകും. ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലാ ഡിപ്പോയില്‍ നിന്ന് ജില്ലയിലെ 143 സ്കൂള്‍ സൊസൈറ്റികളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കും. അതത് സൊസൈറ്റികള്‍ക്കു കീഴിലുള്ള സ്കൂള്‍ അധികൃതര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും.
ഒൻപത്,പത്ത് ക്ലാസുകളിലെ പുസ്തകവിതരണം ഏപ്രില്‍ അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ആവശ്യമെങ്കില്‍ മേയ് മാസത്തില്‍ തന്നെ അനൗദ്യോഗികമായി ക്ലാസുകള്‍ തുടങ്ങാനാകും. അധ്യാപ കക്ഷാമവും മറ്റും അനുഭവപ്പെടുന്ന പിന്നോക്കമേഖലകളിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തിലും ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
മുന്‍വര്‍ഷം ആകെ 13,25,396 പാഠപുസ്തകങ്ങളാണ് ജില്ലയില്‍ ആവശ്യമായി വന്നത്. ഇപ്പോള്‍ പുതുതായി വന്ന പുസ്തകങ്ങള്‍ക്കൊപ്പം മുന്‍വര്‍ഷത്തെ ബാക്കിയുള്ള സ്റ്റോക്കും വിതരണം ചെയ്യും. അച്ചടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മേയ് അവസാനത്തിനുമുമ്പുതന്നെ മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങള്‍ എത്തുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.