കുരിശിന്റെ വഴികളില്‍ വിശ്വാസികള്‍ ഭയപ്പെടരുത്: മാര്‍ ജോസഫ് പാംപ്ലാനി
1279907
Wednesday, March 22, 2023 1:18 AM IST
വെള്ളരിക്കുണ്ട്: കുരിശിന്റെ വഴികളില്‍ വിശ്വാസികള്‍ ഭയപ്പെടരുതെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കാസര്‍ഗോഡ് സോണ്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന കുരിശിന്റെ വഴിയുടെ സമാപനസന്ദേശം വെള്ളരിക്കുണ്ടില്‍ നല്‍കുകയായിരുന്നു അദ്ദേഹം.
ചെയ്യേണ്ടത് എന്താണ് അറിയാമായിരുന്നിട്ടും ചെയ്യാതിരിക്കുന്നത് ഭീരുത്വമാണ്. പീലാത്തോസ് ഇതിന് ഉദാഹരണമാണ്. തിന്മയുടെ ശക്തി കണ്ട് വിശ്വാസികള്‍ നിരാശരാകരുത്. സത്യത്തിനാണ് അന്തിമ വിജയമെന്നും അദ്ദേഹം പറഞ്ഞു.
സമാപന വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനിയെ വെള്ളരിക്കുണ്ട് ഇടവകയും ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകരും ആദരിച്ചു. മലയോര കര്‍ഷകര്‍ക്ക് വേണ്ടി ധീരമായി സംസാരിച്ച പാംപ്ലാനി പിതാവിന് കര്‍ഷകരുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാനും കാസര്‍ഗോഡ് സോണ്‍ കരിസ്മാറ്റിക് ആനിമേറ്ററുമായ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ പറഞ്ഞു.
പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍നിന്ന് ആരംഭിച്ച കുരിശിന്റെ വഴി കാഞ്ഞങ്ങാട്, ബന്തടുക്ക, മുള്ളേരിയ, പാണത്തൂര്‍, രാജപുരം, എണ്ണപ്പാറ ഇടവകകളിൽ ആദ്യ ദിവസം എത്തി.
ഇന്നലെ ചായ്യോത്ത് അല്‍ഫോന്‍സ തീര്‍ഥാടന ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് പരപ്പ, ഭീമനടി, കുന്നുംകൈ, മണ്ഡപം, ചിറ്റാരിക്കാല്‍, പറമ്പ, കൊന്നക്കാട്, പുന്നക്കുന്ന് എന്നീ കേന്ദ്രങ്ങളിലൂടെ കടന്നാണ് വെള്ളരിക്കുണ്ടില്‍ സമാപിച്ചത്.
ജനറല്‍ കണ്‍വീനര്‍ സാബു കാഞ്ഞമല, ആത്മീയ ഉപദേഷ്ടാവ് ഫാ. ലൂയി മരിദാസ് മേനാച്ചേരി, സിബി ഓലിക്കളഅ്, ബിനോയ് പുതിയമംഗലം, ബെന്നി മുരിങ്ങയിൽ എന്നിവർ പ്രസംഗിച്ചു. വെളളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ. ഡോ. ജോണ്സണ് അന്ത്യാംകുളം സമാപന പരിപാടികള്‍ക്ക് നേതൃത്വം നല്കി.