കത്തിജ്വലിച്ച് പ്രതിഷേധം
1263553
Tuesday, January 31, 2023 12:37 AM IST
നര്‍ക്കിലക്കാട്: നാലുവര്‍ഷത്തോളമായി നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന ഭീമനടി-ചിറ്റാരിക്കാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മരണ ദിനത്തില്‍ നടത്തിയ ധര്‍ണയിലും പന്തംകൊളുത്തി പ്രകടനത്തിലും പ്രതിഷേധമിരമ്പി.
നര്‍ക്കിലക്കാട് ടൗണില്‍ നടന്ന സായാഹ്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്മാന് തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു.
പുഷ്പലാല്‍, കേശവന് നമ്പീശന്, എം.വി.രാജു, ബേബി തയ്യില്‍, ഒ.എം.മൈക്കിള്‍, ജഗദീഷ്, സഖറിയാസ് തേക്കുംകാട്ടില്‍, ബര്‍ക്ക്മാന്‍സ് ജോര്‍ജ്, ഫിലിപ്പോസ് ഊത്തപാറയ്ക്കല്, തോമസ് പുളിക്കല്‍, ഗീത സുരേഷ്, മനു കയ്യാലത്ത് എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍ സോണി കാരിയ്ക്കല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
സംയുക്ത സമരസമിയുടെ നേതൃത്വത്തില്‍ നേരത്തെ റോഡ് ഉപരോധവും തുടര്‍ന്ന് നര്‍ക്കിലക്കാട് മുതല്‍ ഭീമനടി വരെ മനുഷ്യ ചങ്ങലയും തീര്‍ത്ത് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ നിരവധി സമരങ്ങള്‍ നടന്നെങ്കിലും റോഡിന്റെ നിര്‍മാണം ഇപ്പോഴും യാതൊരു പുരോഗതിയുമില്ല.
കാല്‍നടയാത്ര പോലും ദുരിതമായ ഇവിടെ റോഡ് നിര്‍മാണം വൈകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.