വാഹനാപകടം: വ്യവസായി ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കാൻ കോടതി ഉത്തരവ്
1247134
Friday, December 9, 2022 12:41 AM IST
കാസര്‍ഗോഡ്: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ചികിത്സയോ നഷ്ടപരിഹാരമോ നല്‍കാത്ത വ്യവസായി പണം കെട്ടി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. നായന്മാര്മൂല താജ് പി.ബി അഹമ്മദിനെയാണ് രണ്ടു വിധികളിലായി ഒന്നരലക്ഷം രൂപ അടയ്ക്കാന്‍ ഹൈക്കോടതി ജഡ്ജി പി.ബി. കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടത്. 15 വർഷം മുന്‍പ് ചെങ്കള ചേരൂരിലെ അഹമ്മദ് നസീര്‍, അബ്ദുൾ മജീദ് എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് അഹമ്മദിന്റെ പേരിലുള്ള വാഹനം ഇടിച്ചത് .
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും മംഗലാപുരം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സിക്കുകയും എട്ടു ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാടക പോലും നല്കാന് അഹമ്മദ് തയാറായില്ലെന്നാണ് പരിക്കേറ്റവര്‍ നല്കിയ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.പരിശോധനയില്‍ ഇടിച്ച വാഹനത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലെന്നും കണ്ടെത്തിയിരുന്നു.
കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ കോടതിയിലെ കേസില്‍ പി.ബി. അഹമ്മദിനെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഹാജരായില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. താന്‍ അസുഖ ബാധിതനാണെന്നും കോടതിയില്‍ ഹാജരാകുന്നതിനും പിഴ അടയ്ക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ കാസര്‍ഗോഡ് എംഎസിടി കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കീഴ്കോടതിയുടെ വിധി നിരീക്ഷിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ പി.ബി അഹമ്മദിന്റെ ഭാഗത്തുനിന്നും വീഴ്ച കണ്ടതിനെത്തുടര്‍ന്നാണ് ഒന്നര ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടത്. കേസ് പരിഗണിച്ച ഹൈക്കോടതി ഒന്നര ലക്ഷം രൂപ കെട്ടിവയ്ക്കാനും കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ കോടതി വിധി നടപ്പില്‍ വരുത്തുവാനുമാണ് ഉത്തരവിട്ടത്. അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി. അബ്ദുൾ റസാഖിന്റെ സഹോദരനാണ് അഹമ്മദ്.