തേജസ്വിനി പുഴയോരത്തുനിന്ന് മരം മുറിച്ചുകടത്തൽ വ്യാപകം
1246570
Wednesday, December 7, 2022 1:07 AM IST
ചിറ്റാരിക്കാല്‍: ആറാട്ടുകടവിനും ഓടക്കൊല്ലിക്കും ഇടയില്‍ തേജസ്വിനി പുഴയോരത്തുനിന്ന് മരം മുറിച്ചുകടത്തുന്നത് വ്യാപകമാകുന്നു. ഈ മേഖലയില്‍ മണല്‍ കടത്തും നിര്‍ബാധം നടക്കുന്നുണ്ട്.
പുഴയുടെ ഒരു വശത്ത് കാസര്‍ഗോഡ് ജില്ലയും മറുവശത്ത് കണ്ണൂര്‍ ജില്ലയുമാണ്. കാസര്‍ഗോഡ് ഭാഗത്തെ ഓടക്കൊല്ലി വഴിയാണ് മരം കടത്തും മണല്‍ കടത്തും കൂടുതലായി നടക്കുന്നത്.പുഴയോരത്തെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരങ്ങള്‍ യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ച് കഷണങ്ങളാക്കിയാണ് കടത്തിക്കൊണ്ടുപോകുന്നത്.
ജനവാസം കുറവുള്ള മേഖലയായതിനാല്‍ അധികമാരും ശ്രദ്ധിക്കാതെ മരം മുറിക്കുന്നതിനും കടത്തുന്നതിനും കഴിയുന്നു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്തുനിന്നാണ് മണല്‍ വാരി കടത്തുന്നത്. പകല്‍ വാരിക്കൂട്ടുന്ന മണല്‍ രാത്രിയില്‍ ചാക്കില്‍ നിറച്ച് പുഴയില്‍ കൂടി ചുമന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയാണ് ചെയ്യുന്നത്.