കാര്‍ഷിക സൗജന്യ വൈദ്യുതിയ്ക്ക് പഴയ രീതി മതി: ജില്ലാ കാര്‍ഷിക വികസനസമിതി
1246568
Wednesday, December 7, 2022 1:07 AM IST
കാസര്‍ഗോഡ്: കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതിക്ക് പഴയ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെ പുന:സ്ഥാപിക്കണമെന്ന് ജില്ലാതല കാര്‍ഷിക വികസനസമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ഷീര, മത്സ്യ, മൃഗസംരക്ഷണ മേഖലകളിലെ കര്‍ഷകര്‍ക്കും കുടുംബവാര്‍ഷിക വരുമാനം പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും ചര്‍ച്ചകളും നടന്നു. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കേരള സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ പ്രകാശ് പുത്തന്മഠത്തില്, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍.മീര, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കര്‍ഷക തൊഴിലാളി, കര്‍ഷക സംഘടനാ പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.