ഖരമാലിന്യ സംസ്കരണം ഇനി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേന
1241980
Sunday, November 20, 2022 12:51 AM IST
കാസര്‍ഗോഡ്: ജില്ലയിലെ 12 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഖരമാലിന്യ സംസ്കരണം ഇനി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേന. ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, കിനാനൂര്‍-കരിന്തളം, പിലിക്കോട്, പടന്ന, കോടോം-ബേളൂര്‍, അജാനൂര്‍, ഈസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ, മടിക്കൈ പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് ഹരിതമിത്രം ആപ്പ് നടപ്പിലാക്കിയത്.
ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂആര്‍ കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതു പരിശോധിക്കാം. ഇതിലൂടെ സംസ്കരണ സംവിധാനങ്ങള്‍ കൂടുതല്‍ കൃത്യമായി ആസൂത്രണം ചെയ്യാനും പോരായ്മകള്‍ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ഉപയോക്താക്കള്‍ക്ക് പ്രത്യേക സേവനങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കാനും മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും.
ഹരിതകര്‍മ സേനകളുടെ പ്രത്യേക സംഘം അതത് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലുമെത്തി ആപ്പിന്റെ പ്രവര്‍ത്തനത്തിനായുള്ള ക്യൂ.ആര് കോഡ് പതിപ്പിച്ചിട്ടുണ്ട്.
മുഴുവന്‍ വീടുകളിലും ക്യു.ആര് കോഡ് പതിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ ആദ്യ പഞ്ചായത്ത് ബേഡഡുക്കയാണ്.