മുന്നറിയിപ്പ് ലംഘിച്ച് സഞ്ചാരികള്‍ അപകടസാധ്യതയുള്ള പുഴയിലിറങ്ങുന്നു
1592105
Tuesday, September 16, 2025 7:32 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ കക്കയം, കരിയാത്തുംപാറ മേഖലകളിലെ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ ഭാഗമായുള്ള പുഴയില്‍ സന്ദര്‍ശകര്‍ ഇറങ്ങി അപകടങ്ങളുണ്ടാകുന്നത് പതിവായിട്ടും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഇന്നും കടലാസില്‍.
സഞ്ചാരികള്‍ പുഴയില്‍ മുങ്ങി മരിക്കുന്നത് പതിവായതിനെ തുടര്‍ന്ന് മേഖലയില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇത് നടപ്പിലാകാത്തതിനാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടു മാസം മുമ്പ് കക്കയം മുപ്പതാംമൈല്‍ മേഖലയിലെ പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് അപകടത്തില്‍പെട്ട് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.
അപകട സാധ്യതകള്‍ ഏറെയുള്ള പുഴയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ ഇവയൊന്നും വകവയ്ക്കാതെ വെള്ളത്തില്‍ ഇറങ്ങുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത് പതിവാകുകയാണ്.
റിസര്‍വോയര്‍ മേഖലകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിനായി ഒന്‍പതംഗ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രത്യേക അജണ്ട വച്ച് തീരുമാനമെടുക്കുന്നതിനും എംഎല്‍എയുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ ഗൈഡുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ അവധി ദിവസങ്ങളില്‍ ഈ മേഖലകളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരുന്നു. സന്ദര്‍ശകരില്‍ പലരും പുഴയില്‍ ഇപ്പോഴും ഇറങ്ങി കുളിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് .ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.