കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1591608
Sunday, September 14, 2025 10:56 PM IST
കോഴിക്കോട്: മദ്യലഹരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിംഗ് വിഭാഗം ജീവനക്കാരൻ മെഡിക്കൽ കോളജ് എടവലത്ത് പറമ്പിൽ സുകൃതത്തിൽ ഒ.ടി. പ്രശാന്ത് (42) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മകളെ ട്യൂഷന് വിട്ട് മടങ്ങുന്നതിനിടെ കോഴിക്കോട് ചേവായൂർ കാവ് സ്റ്റോപ്പിൽ വച്ച് കാർ സ്കൂട്ടറിന്റെ പുറകിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് ഉയരത്തിലേക്ക് തെറിച്ച പ്രശാന്ത് കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. അമിത വേഗതയിലെത്തി മറ്റൊരു കാറിലിടിച്ച ശേഷമാണ് പ്രശാന്തിനെ ഇടിച്ച് വീഴ്ത്തിയത്. കൊള്ളാങ്ങോട് അയ്യപ്പക്ഷേത്ര കവാടത്തിന് എതിർ വശത്തുവച്ചാണ് അപകടമുണ്ടായത്. നാട്ടുകാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
കാറോടിച്ച ചേവായൂർ കുന്നംപുറത്ത് കീർത്തനനത്തിൽ കെ. അക്ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ: എം.കെ. വിജയൻ, അമ്മ: ഒ.ടി. ജയന്തി. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോൾഡ്), മകൾ: മീനാക്ഷി (പ്ലസ്ടു വിദ്യാർഥിനി, മാനഞ്ചിറ മോഡേൺ സ്കൂൾ).