കെഎസ്എസ്പിയു സന്നദ്ധ സേന രൂപീകരിച്ചു
1591789
Monday, September 15, 2025 5:15 AM IST
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ സന്നദ്ധ സേന രൂപീകരിച്ചു.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വേറിട്ട ചുവടുവെപ്പെന്ന നിലയിൽ സോഷ്യൽ വെൽഫെയർ സ്കീമിന്റെ ഭാഗമായിട്ടാണ് 25 അംഗങ്ങളുടെ സന്നദ്ധ സേന രൂപീകരിച്ചത്. മക്കൾ വിദേശത്തേക്ക് ചേക്കേറുകയും വീടുകളിൽ വയോധികരായ പെൻഷൻ അംഗങ്ങളായ മാതാപിതാക്കൾ തനിച്ചാവുകയും ചെയ്യുന്ന ഇക്കാലത്ത് അവർക്ക് സഹായഹസ്തവുമായി എത്തുക എന്ന ലക്ഷ്യത്തോടെയാണ് വൊളന്റിയർ ടീം സജ്ജമായിട്ടുള്ളത്.
ആശുപത്രിയിൽ പോകുക, മറ്റ് അത്യാവശ്യ സേവനങ്ങൾ വീടുകളിൽ എത്തിക്കുക എന്നിവക്കായി പ്രവർത്തിക്കുന്ന ടീമിൽ ആതുര ശുശ്രൂഷകർ, കൗൺസിലർമാർ, വാഹനമോടിക്കുന്നവർ എന്നിവരും ഉണ്ടാകും. "അരികെ' സേവന പദ്ധതിയുടെ ലോഞ്ചിംഗ് എഴുത്തുകാരനും അധ്യാപകനുമായ എ.വി. സുധാകരൻ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് എം.വി. ജോർജ് അധ്യക്ഷത വഹിച്ചു. കേരള സർക്കാർ കാർഷിക വികസന വകുപ്പിന്റെ മികച്ച ക്ഷോണി സംരക്ഷണ കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവ് പുരയിടത്തിൽ പി.ജെ. തോമസിനെ സമ്മേളനത്തിൽ ആദരിച്ചു.