കാരശേരി ഉപതെരഞ്ഞെടുപ്പ്; 86 ശതമാനം പോളിംഗ്
1486236
Wednesday, December 11, 2024 7:31 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 86 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചപ്പോൾ തന്നെ വോട്ടർമാരുടെ നീണ്ട നിര രണ്ട് ബൂത്തുകൾക്ക് മുന്നിലും കാണാമായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തന്നെ 55 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.വോട്ടെടുപ്പിനിടെ നിരവധി തവണ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു.
അനാവശ്യമായി ബൂത്തിലേക്ക് എൽഡിഎഫ് പ്രവർത്തകൻ പോകുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ചോദ്യം ചെയ്തതാണ് ആദ്യം വാക്കുതർക്കത്തിന് കാരണമായത്. തുടർന്ന് ബൂത്തിന് മുമ്പിൽ തടിച്ചുകൂടിയ പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ വോട്ടറെ ഉദ്യോഗസ്ഥർ പുറത്തുവന്ന് കാണാത്തതിനെ തുടർന്ന് ഇടത് പ്രവർത്തകരും ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി.
ശാരദാമ്മ എന്ന വയോധിക ഓപ്പൺ വോട്ടിനായി എത്തിയപ്പോൾ ഇവരെ പോളിംഗ് ബൂത്തിന് തൊട്ടടുത്ത് എത്തിച്ചെങ്കിലും ബൂത്തിന്റെ വാതിലിന് അരികിലേക്ക് കൊണ്ടുവരണമെന്ന് ബൂത്ത് രണ്ടിലെ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ സ്ത്രീയുടെ കൂടെ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിംഗ് ബൂത്തിലേക്ക് കയറി ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ട് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ച് വോട്ട് ചെയ്യിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. വോട്ട് ചെയ്യാൻ എത്തിയ കാൻസർ രോഗിക്ക് വോട്ടു ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോകാൻ വീൽചെയർ സൗകര്യം ഉദ്യോഗസ്ഥർ ഒരുക്കിയില്ലെന്നും തുടർന്ന് ഇയാൾ തിരിച്ചുപോയെന്നും എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് എതിരേ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും എൽഡി എഫ് പ്രവർത്തകർ പറഞ്ഞു.
വാർഡ് മെമ്പറായിരുന്ന കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിനായി കൃഷ്ണദാസൻ, എൽഡിഎഫിനായി ഷാജു, ബിജെപി സ്ഥാനാർഥി വിജേഷ്, സ്വതന്ത്ര സ്ഥാനാർഥി ഷാജു എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 1835 വോട്ടർമാരുള്ള വാർഡിലെ ഫലം ഇന്ന് അറിയും. കക്കാട് എൽപി സ്കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം.