വെളിച്ചെണ്ണയില്‍ മായംചേര്‍ക്കല്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതം
1576501
Thursday, July 17, 2025 5:20 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനു പരിശോധന ഊര്‍ജിതമാക്കി. ഫുഡ് സേഫ്റ്റി വകുപ്പാണ് സഗ്സഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വില കുറഞ്ഞ മറ്റ് എണ്ണകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയുന്നതിനാണ് പ്രധാനമായും പരിശോധന.
വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകള്‍, മൊത്ത വ്യാപാര കടകള്‍, റീട്ടെയില്‍ വില്പന കടകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്. ഇവ റീജണല്‍ അനാലിറ്റിക്കല്‍ ലബോറട്ടറികളില്‍ പരിശോധിച്ചു വരികയാണ്. ഒരു മാസത്തിനകം റിസള്‍ട്ട് ലഭിക്കും. അതിനുശേഷമായിരിക്കും േകസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
വെളിച്ചെണ്ണ വില വലിയ തോതിലാണ് ഉയരുന്നത്. വെളിച്ചെണ്ണ കിലോക്ക് 420 രപയാണ് വില. നാളികേരത്തിന്റെ വില കിലോക്ക് 73 രൂപയില്‍ എത്തിനില്‍ക്കുന്നു. നാളികേര ഉത്പാദനം കുറഞ്ഞതിനെത്തുടര്‍ന്നാണ് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ് ഉണ്ടായത്.
ഓണം സീസണ് ആവുന്നതോടെ ഇനിയും വില ഉയരുമെന്നാണ് കണക്കുക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയില്‍ വിലകുറഞ്ഞ മറ്റ് എണ്ണകള്‍ ചേര്‍ക്കാനുള്ള സാധ്യത ഫഒഡ് സേഫ്റ്റി വകുപ്പ് മുന്‍കൂട്ടി കാണുന്നുണ്ട്.എണ്ണപ്പനയുടെ കുരുക്കളില്‍ നിന്നുള്ള എണ്ണ വെളിച്ചെണ്ണയില്ചേര്ക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് പാക്കിലാക്കിയ വെളിച്ചെണ്ണ എത്തുന്നുണ്ട്. അവയും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പരിശോധനയില്‍ നൂറോളം സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്.