മാവൂരിൽ അഞ്ചുകടകളിൽ മോഷണം
1576252
Wednesday, July 16, 2025 8:00 AM IST
മുക്കം: മാവൂരിൽ മോഷണ പരമ്പര. അഞ്ചുകടകളിൽ മോഷണവും രണ്ട് കടകളിൽ മോഷണ ശ്രമവും നടന്നു. ബസ് സ്റ്റാൻഡിന് പിന്നിലെ ഫെമി ഇന്നർ വെയേഴ്സ്, ടോയ്സ് ഗാലറി, മെയിൻ റോഡിലെ മിലാനോ മെറ്റൽസ് ഗിഫ്റ്റ് ഹൗസ്, പൈപ്പ് ലൈൻ ജംഗ്ഷനിലെ വീ വൺ സൂപ്പർ മാർക്കറ്റ്, അടുവാടുള്ള "ഹരിദാസിന്റെ മസാല കട' എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കെട്ടാങ്ങൽ റോഡിലെ പുഞ്ചിരി ഫാൻസി ആൻഡ് ഫൂട്വെയർ, മാവൂർ ബസ് സ്റ്റാൻഡിന് എതിർവശത്തെ ഡിസൈൻസ് ടെക്സ്റ്റൈൽസ് എന്നീ കടകളിൽ മോഷണ ശ്രമവും നടന്നു.
പൂട്ട് തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കടകളുടെ അകത്ത് മേശയിലുണ്ടായിരുന്ന പണമാണ് കവർന്നത്. വീ വൺ സൂപ്പർ മാർക്കറ്റിൽനിന്ന് 12,500 ലധികം രൂപ കവർന്നിട്ടുണ്ട്. പുഞ്ചിരിയിലെയും വീ വൺ സൂപ്പർമാർക്കറ്റിലെയും സിസിടിവിയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തിട്ടുണ്ട്.