ഗാന്ധിജിയും ഗുരുവും വിവേചനരഹിതമായ സമൂഹത്തിനുവേണ്ടി നിലക്കൊണ്ടു: സമദാനി
1576266
Wednesday, July 16, 2025 8:00 AM IST
കോഴിക്കോട്: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും മനുഷ്യത്വത്തിന്റെയും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും തത്വവും പ്രയോഗവും നിറവേറ്റിയ മഹാപുരുഷന്മാരായിരുന്നുവെന്ന് എം.പി.അബ്ദുസമദ് സമദാനി എംപി. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ ലീഗല്‍ ആന്‍ഡ് സോഷ്യല്‍ ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദര്‍ശനങ്ങളുടെയും രീതിശാസ്ത്രങ്ങളുടെയും കാര്യത്തില്‍ വിശദാംശങ്ങളുടെ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഇരുവരും ജാതീയതയുടെ ഉന്മൂലനത്തിനും വിവേചനരഹിതമായ സമൂഹത്തിനും വേണ്ടിയാണ് നിലകൊണ്ടത്. വിവിധങ്ങളായ രീതികളില്‍ വിവേചനങ്ങള്‍ തലപൊക്കുന്ന ഇക്കാലത്ത് ഇരുവരുടെയും സന്ദേശങ്ങളും കര്‍മ മാര്‍ഗങ്ങളും കൂടുതല്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയും ഗുരുവും നല്കിയ ദര്‍ശനങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും അവയുടെ യഥാര്‍ഥത്തിലുള്ള നടത്തിപ്പാണ് വര്‍ത്തമാനകാല പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ഡോ. എം.എന്‍ കാരശേരി പറഞ്ഞു.
സൂംബാ ഡാന്‍സിന് എതിരേയുള്ള അഭിപ്രായപ്രകടനങ്ങളും സിനിമയില്‍ ജാനകി എന്ന പേര് ഉപയോഗിക്കുന്നതിന് എതിരേയുള്ള പ്രതികരണളും രാജ്യത്തെ 100 വര്‍ഷം പിന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോറം പ്രസിഡന്റ് അഡ്വ. പി.വി. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍, ഡിസിസി ഭാരവാഹികളായ അഡ്വ.എം. രാജന്, പി. മുഹമ്മദ് കോയ, ബി.പി. റഷീദ്, ടി.കെ. സത്യനാഥന്, ആയിഷ മുഹമ്മദ് , നിസാര്‍ പുനത്തില്‍, ടി.പി. നസീര്‍ ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു.