കളർ ഇന്ത്യ രജിസ്ട്രേഷൻ ലോഞ്ചിംഗ് നാളെ
1576499
Thursday, July 17, 2025 5:20 AM IST
കോഴിക്കോട്: പത്തുലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന ചിത്രരചനാ മത്സരമായ ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ രജിസ്ട്രേഷൻ ലോഞ്ചിംഗ് നാളെ ബാലുശേരി ജയറാണി എസ്എബിഎസ് പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന രജിസ്ട്രേഷൻ ലോഞ്ചിംഗ് പ്രശസ്ത സിനിമ സംവിധായകൻ ജിന്റോ തോമസ് നിർവഹിക്കും.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിലോ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദീപിക റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ ആമുഖ പ്രഭാഷണവും ബാലുശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. മെൽബിൻ വെള്ളയ്ക്കാകുടിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനുഷ മാത്യു നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
മലയാളത്തിലെ പ്രഥമദിനപത്രമായ ദീപിക രാഷ്ട്ര സേവനത്തിന്റെയും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളുടേയും 139-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിദ്യാർഥികളുടെയും പൊതു സമൂഹത്തിന്റെയും ഭാവി നശിപ്പിക്കുന്ന ലഹരിക്കെതിരേ ബാല ചേതനകളെ ഉണർത്തുക,
ലോക സമാധാനം തകർക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാനും എല്ലാ മനുഷ്യനും സൗഹാർദത്തിൽ ഒരുമിക്കുവാനും പൊതു സമൂഹ ബോധം ഉണർത്തുക എന്നീ ലക്ഷ്യത്തോടെ "നാം ഒരു കുടുംബം' എന്ന സന്ദേശവുമായി "ഒരേയൊരിന്ത്യ, ഒരൊറ്റ ജനത' എന്നതാണ് ദീപിക കളർ ഇന്ത്യ സീസൺ 4. ഓഗസ്റ്റ് എട്ടിന് നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ 20 ന് അവസാനിക്കും.