വളയത്ത് അഞ്ചുപേർക്ക് പരിക്ക്
1576498
Thursday, July 17, 2025 5:20 AM IST
നാദാപുരം: വളയത്ത് സ്കൂൾ വിദ്യാർഥി ഉൾപ്പെടെ അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരവും ബുധനാഴ്ച്ച രാവിലെയുമാണ് നായ അക്രമകാരിയായത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം വളയം മത്സ്യ മാർക്കറ്റ് പരിസരത്തും ആശുപത്രി പരിസരത്ത് നിന്നുമാണ് നാലുപേരെ നായ കടിച്ചത്.
ഇതിനുപിന്നാലെ ബുധനാഴ്ച്ച പുലർച്ചെ വളയം ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബസ് കാത്ത് നിൽക്കുകയായിരുന്ന വളയത്തെ ലോട്ടറി ഏജന്റിനെയും നായ കടിച്ചു. കടിയേറ്റയാൾക്ക് കെഎസ്ആർടിസി ബസ് ജീവനക്കാരും, സഹയാത്രികരും ചേർന്ന് പ്രാഥമിക ചികിൽസ നൽകുകയും തുടർന്ന് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരേ നായ തന്നെയാണ് അഞ്ചുപേരെയും കടിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർഥിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നൽകി. മറ്റ് മൂന്നുപേർ നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സതേടി. മണിക്കൂറുകളോളം ടൗണിലും പരിസരങ്ങളിലും ഭീതി പരത്തിയ നായയെ നാട്ടുകാർ തല്ലിക്കൊന്നു.